ഫേസ്ബുക്ക് പോസ്റ്റിന് താഴെ സഹായം അഭ്യര്‍ഥിച്ച് കമന്റിട്ട ആരാധകന് കൈത്താങ്ങായി മമ്മൂട്ടി. കിഡ്നി തകരാറിലായ ജയകുമാര്‍ എന്ന വ്യക്തിയാണ് സഹായം അഭ്യര്‍ത്ഥിച്ച് കമന്റിട്ടത്.
ഇതേക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസിനോട് ഇതേക്കുറിച്ച് അന്വേഷിക്കാനും സഹായം ഒരുക്കുവാനും ആവശ്യപ്പെടുകയായിരുന്നു.
എന്റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് വൃക്കകളും തകരാറിലാണ്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്യണം.
കൂടാതെ എന്റെ ഹൃദയവും തകരാറിലാണ്. ഡോ. കിഷോര്‍ എസ്. ധരന്റെ കീഴില്‍ ചികിത്സിച്ച് വരുന്നു. ഇപ്പോള്‍ മാസം 40,000 രൂപയോളം ചികിത്സ ചിലവായി വരുന്നു.
സഹായിക്കാന്‍ തക്കവണ്ണം ബന്ധുക്കള്‍ ആരും തന്നെയില്ല. ഭക്ഷണത്തിനുള്ള പണം പോലും കൈയില്‍ ഇല്ലാതെ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍.
കഴിയുന്ന സുഹൃത്തുക്കള്‍ എന്റെ തുടര്‍ ചികിത്സയ്ക്കും ജീവിതത്തിനും കൂട്ടായി ഉണ്ടാകണം എന്ന അപേക്ഷ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. എന്നാണ് ജയകുമാര്‍ കുറിച്ചത്.
ഇതിന് മറുപടിയായി, പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്പപ്പെട്ടു. രണ്ട് തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാന്‍ പറ്റുന്ന പദ്ധതികള്‍ കെയര്‍ ആന്‍ഡ് ഫൗണ്ടേഷന് മുന്പില് ഇല്ല.
രണ്ട് ഇപ്പോള്‍ താങ്കള്‍ ചികിത്സയില്‍ ഉള്ള ആശുപത്രിയുമായി നമ്മുക്ക് ചികിത്സ ധാരണകളും ഇല്ല. എങ്കിലും മമ്മുക്കയുടെ പ്രത്യേകത നിര്‍ദ്ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികിത്സയ്ക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടയ്ക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
ഇതിനൊപ്പം നമ്മുടെ പാനലില്‍ ഉള്ള രാജഗിരി ആശുപത്രിയില്‍ 50 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. റോബര്‍ട്ട് കുര്യാക്കോസ് കുറിച്ചു.