മമ്മൂട്ടിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഇനി ഒന്നിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പേരോ, മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
2005 ൽ പുറത്തു വന്ന തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാര മമ്മൂട്ടിയുടെ നായികയാവുന്നത്. പിന്നീട് രാപ്പകൽ, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിൽ ഇവർ ഒരുമിച്ചെത്തിയിരുന്നു. ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം നയൻതാര എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വർഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിൽ ആണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു ശേഷമായിരിക്കും വിപിൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ ആണ് ഉടൻ റിലീസിനായി എത്തുന്ന മമ്മൂക്ക ചിത്രം. സെപ്റ്റംബർ അവസാനം ആണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുക. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമയാണ് റിലീസിനൊരുങ്ങുന്ന നയൻതാരയുടെ മലയാള ചിത്രം.