താര രാജാവിന്റെ ഇഷ്ടങ്ങള്‍! സിംഹാസനസ്ഥനെങ്കിലും മമ്മൂട്ടി വെറും നാട്ടിന്‍ പുറത്തുകാരന്‍
മലയാള സിനിമാ ആസ്വാദകര്‍ തങ്ങളുടെ മനസില്‍ രാജപദവി നല്‍കി അവരോധിച്ചിരിക്കുന്ന നടനാണ് പത്മശ്രീ ബഹുമതിയ്ക്കുടമ കൂടിയായ മമ്മൂട്ടി. താരസിംഹാസനത്തില്‍ ഇരിക്കുമ്പോഴും തനി നാട്ടിന്‍പുറത്തുകാരനായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ കേട്ടുകഴിയുമ്പോള്‍ മനസിലാവും.
സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന നന്മ നിറഞ്ഞ മനുഷ്യനാണ് മമ്മൂട്ടി. ഉമ്മയേയും ഭാര്യയേയും മക്കളെയും സഹോദരങ്ങളേയും അയല്‍ക്കാരെയും സുഹൃത്തുക്കളെയും നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്നയാള്‍.
ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക എന്നത് ജീവിത ലക്ഷ്യമായി കൂടെകൊണ്ടു നടക്കുന്ന ആളാണ് മമ്മൂട്ടി എന്ന് പറയാം. അത്രയ്ക്ക് ആര്‍ത്തിയാണ് ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തോട്. ചെറിയ മീനുകള്‍ കൊണ്ട് ഉമ്മ തയ്യാറാക്കുന്ന വിഭവങ്ങളാണ് ഏറ്റവും ഇഷ്ടം. രാവിലെ പുട്ടും മീന്‍കറിയുമാണ് സാധാരണയായി കഴിയ്ക്കാറ്. ഓട്‌സ് പുട്ടും ദോശയും രാവിലെ ഉണ്ടാക്കി ഭാര്യ സുല്‍ഫത്ത് ലൊക്കേഷനില്‍ എത്തിക്കും. ഉമ്മയുടെ പാചക വിദ്യകളെല്ലാം സുല്‍ഫത്തിനേയും പഠിപ്പിച്ചിട്ടുള്ളതിനാല്‍ ഭക്ഷണക്കാര്യം സേഫായി.
കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസം എല്ലാക്കാര്യങ്ങളിലും വച്ച് പുലര്‍ത്തുന്ന ആളല്ല മമ്മൂട്ടി. ചെറിയ കാര്യങ്ങള്‍ക്ക് പോലും മക്കളോടും സഹോദരങ്ങളുടെ മക്കളോടും അഭിപ്രായം ചോദിക്കാറുണ്ട്. അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ വിലയ്‌ക്കെടുക്കാറുമുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ ചോദിക്കും. കുടുംബത്തിലെ കാരണവര്‍ സ്ഥാനം മമ്മൂട്ടിയ്ക്കായതിനാല്‍ ബാക്കി സഹോദരങ്ങളെല്ലാം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഇപ്പോഴും കൊച്ചുകുട്ടികളാണ്.
വലിയ ദൈവവിശ്വാസിയാണ് മമ്മൂട്ടി. ലോകത്തെവിടെയാണെങ്കിലും അഞ്ച് നേരം നിസ്‌കരിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പെടുക്കുകയും ചെയ്യും. രാമായണം, ഭഗവത്ഗീത, ഖുറാന്‍ എന്നിവയെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്യാറുണ്ട്.
എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ കാണാറുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തുള്ള ഹോളിവുഡ് സിനിമകള്‍ പോലും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്. ക്യൂബും യുഎഫ്ഒയുമുള്ള മിനി തിയറ്ററും മമ്മൂട്ടിയുടെ വീട്ടില്‍ ഉണ്ട്. പുതിയ ചിത്രങ്ങളെല്ലാം ഇതിലൂടെയാണ് കാണുന്നത്.
സമ്മാനങ്ങള്‍ കൊടുക്കാനും വാങ്ങാനും താത്പര്യപ്പെടുന്ന ആളാണ് മമ്മൂട്ടി. വിശേഷാവസരങ്ങളിലും മറ്റും കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുക എന്നത് അദ്ദേഹത്തിന്റെ ശീലമാണ്. ആരാധകരില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്.