മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആ വിളി കേട്ടപ്പോള്‍ മമ്മൂട്ടി ഒന്നു ഞെട്ടിക്കാണും. കറുപ്പിഴകള്‍ ഒന്നു പോലും തലയില്‍ സൂക്ഷിക്കാത്ത കടന്നപ്പള്ളി മമ്മൂട്ടിയെ വിളിച്ചത് ‘ചേട്ടാ’ എന്ന്. വേദിയിലുണ്ടായിരുന്ന സൂപ്പര്‍താരം ഒരു നിമിഷം ഞെട്ടി. പിന്നെ മനസുതുറന്ന് ചിരിച്ചു. ശാന്തിഗിരി ആശ്രമത്തില്‍ കരുണാകരഗുരുവിന്റെ പേരിലുള്ള നവതി പുരസ്കാരച്ചടങ്ങിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.
അധ്യക്ഷപ്രസംഗത്തിനിടെയാണ് മന്ത്രി ചേട്ടനെന്ന് പരാമര്‍ശിച്ച് മമ്മൂട്ടിയുമായുള്ള അടുപ്പവും സ്‌നേഹവും വെളിപ്പെടുത്തിയത്. മന്ത്രിയുടെ ചേട്ടാ വിളി കേട്ടതോടെ അടുത്തിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മമ്മൂട്ടിയുടെ കമന്റ് ഇങ്ങനെ- ഇത്രയും പ്രായംകുറഞ്ഞ ഒരു ചേട്ടനെ കടന്നപ്പള്ളിക്ക് കിട്ടിയതില്‍ അസൂയ തോന്നരുത്. സ്വാമിക്ക് വേണമെങ്കിലും തന്നെ ചേട്ടാന്നു വിളിക്കാമെന്ന് ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വിക്ക് പച്ചക്കൊടി കാട്ടാനും മമ്മൂട്ടി മറന്നില്ല. മമ്മൂട്ടി തമാശകളുമായി കളംനിറഞ്ഞതോടെ സദസിലും വേദിയിലും ചിരിപ്പൂരമായി. തന്റെ പ്രായമെത്രയെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.