നടി ആക്രമിക്കപ്പെട്ടപ്പോഴും അതിനുശേഷം പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തപ്പോഴും പിന്നീട് മലയാള സിനിമയിലെ പ്രമുഖനായ ദീലിപിനെ അറസ്റ്റ് ചെയ്തപ്പോഴുമൊന്നും യാതൊരുവിധ പ്രതികരണവും നടത്താത്ത നിരവധി സിനിമാക്കാരുണ്ട്. അവരില്‍ പലരുടേയും പ്രതികരണങ്ങള്‍ക്കായി മലയാളികള്‍ കാത്തിരുന്നതുമാണ്. അക്കൂട്ടത്തിലൊരാളായിരുന്നു മലയാള സിനിമയിലെ കാരണവന്മാരില് ഒരാള്‍ എന്നുകൂടി പറയാവുന്ന നടന് മാമ്മുക്കോയ. അവസാനം മാമ്മുക്കോയയും മലയാള സിനിമാലോകത്തെ സമകാലിക സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായി. നടിയെ ആക്രമിച്ച കേസിന് പ്രാധാന്യം നല്കുന്ന മാധ്യമങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സംസാരിച്ച നടന് മാമുക്കോയ, ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്നും തുറന്നടിച്ചു. ഇതല്ലാതെ മറ്റെന്തെല്ലാം ലോകത്ത് കാര്യങ്ങള്‍ അറിയാനുണ്ടെന്നും നടന് ചോദിച്ചു.
കോഴിക്കോട് ‘അറേബ്യന്‍ ഫ്രെയിംസ്’ ചലച്ചിത്രോത്സവത്തിനിടെയായിരുന്നു മാമുക്കോയയുടെ പ്രതികരണം. ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണ്. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാന്‍? മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്കാരവും ഉള്ളവരാണെന്ന് പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുന്നതുകാണുമ്പോള്‍ മേല്‍പ്പറഞ്ഞതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് തെളിയുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന് ദിലീപിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ദിലീപ് അനുകൂല സഹതാപതരംഗം സൃഷ്ടിക്കാന്‍ പണമൊഴുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും സാധാരണക്കാരായ പ്രേക്ഷകര്‍ മാത്രമല്ല, സിനിമാമേഖലയില്‍ ഉള്ളവര്‍ പോലും മാധ്യമങ്ങളുടെ ഈ വിഴുപ്പലക്കല്‍ സംസ്കാരത്തെ വെറുക്കുന്നു എന്നതിന് തെളിവാണ് മാമ്മുക്കോയയുടെ ഈ വാക്കുകള്‍.