ഓണത്തിന് മലയാള സിനിമാ താരങ്ങള്‍ ചാനല്‍ ഷോകള്‍ ബഹിഷ്‌കരിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ കാരണം, പ്രേക്ഷകര്‍ തിയറ്ററുകള്‍ ബഹിഷ്‌കരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നുമല്ല സത്യമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ മുതിര്‍ന്ന അംഗമായ നടന്‍ മാമ്മുക്കോയ.മലയാള സിനിമയിലെ സമകാലിക സംഭവങ്ങളെക്കുറിച്ച് മാമ്മുക്കോയ പറയുന്നതിങ്ങനെ…
ഇത്തരം ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ല. നല്ല സിനിമകള്‍ വന്നാല്‍ ജനം തീയറ്ററില്‍ കയറും. നല്ല കഥയുള്ള സിനിമകള്‍ വരണം. എന്നാലേ പൊതുജനത്തെ തീയറ്ററിലേക്കാകര്‍ഷിക്കാന്‍ കഴിയൂ. വിവാദങ്ങളൊക്കെ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി ടിവി വയ്ക്കാറില്ല. പത്രത്തില്‍ കാണാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. സിനിമയില്ലാത്ത സമയത്ത് കുടുംബകാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കാറാണ് പതിവ്. സിനിമാക്കാരിലും വളരെ ചുരുക്കം ചിലരുടെ നമ്പര്‍ മാത്രമേ എന്റെ കയ്യിലുള്ളൂ. അതുകൊണ്ട് ആരെയും ഞാന്‍ വിളിക്കാറില്ല.
തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. നമ്മള്‍ ആരെയും ഉപദ്രവിക്കരുത്. അതിനുള്ള ശിക്ഷ എന്നായാലും ലഭിക്കും. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. മാധ്യമങ്ങള്‍ക്ക് വേറെ വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ അതിനു പിന്നാലെ പോകും. എല്ലാമേഖലയിലും കള്ളന്മാരുണ്ട്. സിനിമയിലുള്ളവര്‍ക്ക് മാത്രമല്ല, ഈ ലോകത്തുള്ള എല്ലാവര്‍ക്കും പണത്തോട് ആര്‍ത്തിയുണ്ട്. ആരും പണം വേണ്ടെന്ന് പറയില്ല. ഭക്ഷണമാണെങ്കില്‍ മതി എന്ന് പറയും. പണ്ടൊരു പ്രേം നസീര്‍ ഉണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടാല്‍ അദ്ദേഹം സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് സിനിമയെടുത്തവരെ സഹായിക്കാമായിരുന്നു. ഇപ്പോള്‍ അങ്ങനെ മനസുള്ളവരാരുമില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാമ്മുക്കോയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.