മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത വെള്ളിത്തിരയില്‍ എത്തിയത്.
പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം സജീവമാകുകയായിരുന്നു. വളരെ വേഗം തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
അഭിനേത്രി മാത്രമല്ല ഗായിക കൂടിയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തില്‍ കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും നടി ഗാനം ആലപിച്ചിട്ടുണ്ട്.
എല്ലാവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ നടി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മംമ്ത മോഹന്‍ദാസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്.
തന്റെ പുതിയ സംഗീത ആല്‍ബത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് താരരാജാക്കന്മാരുമായുള്ള സൗഹൃദത്തെ കുറിച്ച് നടി മനസ് തുറന്നത്..
ലോകമേ എന്ന മംമ്തയുടെ സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ആല്‍ബത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഭാഗമായിരുന്നു.
തിരക്കുകള്‍ക്കിടയില്‍ നിന്നാണ് തനിക്ക് വേണ്ടി ലാലേട്ടന് അത് ചെയ്തു തന്നതെന്നും ഒരിക്കലും താന്‍ അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും മംമ്ത അഭിമുഖത്തില്‍ പറഞ്ഞു.ദൃശ്യം 2ന്റെ ഷൂട്ടിനിടയിലാണ് ലാലേട്ടന് ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്തു തന്നത്.
ലാലേട്ടനുമായി അധികം സിനിമകള്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനോട് ലോകമേയുടെ കാര്യം പറയാന്‍ ചെറിയൊരു മടിയുണ്ടായിരുന്നു. മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല.
എങ്കിലും പറയേണ്ട താമസമേയുണ്ടായിരുന്നുള്ളൂ. പൂര്‍ണ സന്തോഷത്തോടെയാണ് അദ്ദേഹം ലോകമേയുടെ ഭാഗമായതെന്നും മംമ്ത പറഞ്ഞു.
നടി ആദ്യമായി നിര്‍മിച്ച മ്യൂസിക്കല്‍ ആല്‍ബമാണിത്. ലോകമേ ചെയ്യാനുള്ള കാരണവും അഭിമുഖത്തില്‍ മംമ്ത വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയപരമായ ഒരു സന്ദേശം അതിലുണ്ടെന്നും ഉള്ളടക്കം ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെയാണ് ലോകമേ ചെയ്യാന്‍ തീരുമാനിച്ചതെന്നും മംമ്ത പറഞ്ഞു.
ജീവിതത്തില്‍ സംഗീതത്തിനുള്ള സ്ഥാനവും മംമ്ത അഭിമുഖത്തില്‍ പറഞ്ഞു. ഹരിഹരന് സാറിന്റെ സര്‍ഗത്തിലെ പാട്ടുകളാണ് ക്ലാസിക്കല്‍ സംഗീതവുമായി ഏറെ അടുപ്പിച്ചത്. അതുവരെ ഇംഗ്ലീഷ് റേഡിയോ പാട്ടുകളായിരുന്നു ഞാന്‍ കേട്ടിരുന്നത്.
പിന്നീട് ദേവീശ്രീ പ്രസാദിനെ പോലുള്ള സംഗീത സംവിധായകരിലൂടെ സിനിമാ സംഗീതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി.
അവസരങ്ങള്‍ നിരവധി പിന്നീട് ലഭിച്ചെങ്കിലും ഒരു നടി എന്ന നിലയില്‍ വേറെ സിനിമകളില്‍ പിന്നണി പാടാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്.
സിനിമാ സംഗീതം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനൊരു ലൈഫ് ഇല്ല എന്നുതന്നെ പറയാം.
പക്ഷേ സംഗീതത്തിന് വേറിട്ട് നില്ക്കാന് കഴിയും. സിനിമാ സംഗീതത്തിലേക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരുപാട് നല്ല ഗായകര്‍ നമുക്കുണ്ട്.
അവര്‍ക്ക് വേണ്ടി ഒരു സ്പേസ് ഒരുക്കുക എന്ന ലക്ഷ്യവും എന്റെ പ്രൊഡക്ഷന്‍ ഹൗസിനുണ്ട് മംമ്ത പറഞ്ഞു.