മാമ്മൂട്: ബസ് സ്റ്റോപ് ഒരിടത്ത്. ബസ് കാത്തിരിപ്പു കേന്ദ്രം മറ്റൊരിടത്ത്. വലഞ്ഞ് യാത്രക്കാരും ബസ് ജീവനക്കാരും.
വാഴൂർ റോഡിൽ മാമ്മൂട്ടിൽ കാത്തിരിപ്പു കേന്ദ്രം നിർമിച്ചു മാസങ്ങൾ പിന്നിട്ടിട്ടും ബസ് സ്റ്റോപ്പ് മാറ്റാത്തിനെതിരേ ഇപ്പോൾ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
മാമ്മൂട് ടൗണിന്റെ മധ്യത്തിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റോപ്പ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായ സാഹചര്യത്തിലാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്.
ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായിട്ട് ആറുമാസം പിന്നിട്ടെങ്കിലും ബസ് സ്റ്റോപ്പ് മാറ്റുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ നടപടികൾ നീളുകയാണ്.
സി.എഫ്. തോമസ് എംഎൽഎ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. ചങ്ങനാശേരി ഭാഗത്തുനിന്ന് കറുകച്ചാലിലേക്കുള്ള ബസുകളുകളുടെ സ്റ്റോപ്പ് പുതുതായി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനടുത്തുള്ള ബസ്ബേ യിലേക്ക് മാറ്റിയാൽ ജംഗ്ഷനിൽ ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് കുറെയൊക്കെ പരിഹരിക്കാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചങ്ങനാശേരി ഭാഗത്തേക്കുള്ള ബസുകൾ സ്റ്റേറ്റ് ബാങ്കിനു അടുത്തേക്ക് മാറ്റിയാൽ പൊതു ജനങ്ങൾക്ക് സൗകര്യമാവുമെന്ന നിർദേശം ഉയരുന്നുണ്ട്. ഓട്ടോ സ്റ്റാൻഡുകളും അനുയോജ്യമായ ഭാഗത്തേക്ക് മാറ്റി യാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും സൗകര്യ പ്രദമായ രീതിയിൽ പുനസ്ഥാപിച്ചാൽ വ്യാപരികൾക്കും ഉപകാരപ്രദമാകുമെന്ന അഭിപ്രായവുമുണ്ട്.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു മാമ്മൂട് വികസന സമിതി പ്രസിഡന്റ് മാത്യു ജോസഫ് സി ചെത്തിപ്പുഴ, വൈസ് പ്രസിഡന്റ് ആശ കുട്ടപ്പൻ, സെക്രട്ടറി കുഞ്ഞുമോൻ കളരിമുറിയിൽ, ട്രഷറർ ജോണ്സണ് മാമ്മൂട് എന്നിവരുടെ നേതൃത്വത്തിൽ ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി ഡിവൈഎസ്പി, പിഡബ്ല്യൂഡി അധികൃതർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകി.