ചങ്ങനാശേരി: പ്രവാസി മലയാളിയുടെ മാമ്മൂട്ടിലുള്ള അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വിറ്റ്സർലാന്റിൽ ജോലി ചെയ്ത് കുടുംബസമേതം അവിടെ താമസിക്കുന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിനകത്തെ വിദേശ നിർമിതവും വിലപിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, വിലകൂടിയ പാത്രങ്ങൾ എന്നിവ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ മോഷണം നടത്തിയതായാണ് പ്രതികളുടെ പേരിലുള്ള കേസ് എന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദേശ പ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ എ.അജീബ്, എസ് ഐ അഖിൽദേവ്, എഎസ്ഐ ഷിബു, സ്ക്വാഡ് അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വൈകുന്നേരങ്ങളിൽ ശരതും സുധീഷും ചേർന്ന് സ്കൂട്ടറിൽ സഞ്ചരിച്ച് ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി വയ്ക്കും.
പിന്നീട് അവസരം നോക്കി രാത്രിയിൽ എത്തി മോഷ്ടിക്കുകയാണ് പതിവ്. ഇതേ രീതിയിലാണ് മാമ്മൂട്ടിലെ വീട് കണ്ടെത്തി പ്രതികൾ മോഷണം നടത്തിയത്.
ജോസഫ് ദേവസ്യ തൃക്കൊടിത്താനം പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമാന രീതിയിൽ മോഷണം നടത്തുന്ന കുറ്റവാളികളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന ശരത്തിനേയും സുധീഷനേയും പോലീസിന് പിടികൂടാൻ കഴിഞ്ഞത്.
ഇരുവരുടെയും പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.