നിയാസ് മുസ്തഫ
കോട്ടയം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കുവേണ്ടി മോഹൻലാൽ മത്സരരംഗത്ത് വരില്ലായെന്ന് ഏറെക്കുറെ ഉറപ്പിക്കാം. മോഹൻലാലിനെ ഒഴിവാക്കി സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് ബിജെപി നേതൃത്വം കടന്നതായി പ്രമുഖ നേതാവ് രാഷ്ട്രദീപികയോട് വ്യക്തമാക്കി.
മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് കുറേ മാധ്യമങ്ങൾ പറയുന്നുവെന്നല്ലാതെ ബിജെപി നേതൃത്വമോ മോഹൻലാലോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് മുഴുവൻ തെറ്റായ കാര്യങ്ങളാണ്. മോഹൻലാലിന് കേന്ദ്ര സർക്കാർ പത്മഭൂഷൺ നൽകിയതും സ്ഥാനാർഥിത്വവുമായി യാതൊരു ബന്ധവുമില്ല. മോഹൻലാൽ കലാകാരൻ അല്ലെന്നോ പത്മഭൂഷണിന് അർഹതയില്ലെന്നോ ആരും പറയില്ല.
തിരുവനന്തപുരത്ത് ആരൊക്കെ മത്സരിച്ചാൽ വിജയസാധ്യത ഉണ്ടെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ ബോധ്യമുണ്ട്. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. കേരളത്തിൽ ബിജെപിക്ക് അനുകൂലമായ അവസ്ഥയാണുള്ളതെന്നും പ്രമുഖ നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ കുറേ നാളുകളായി മോഹൻലാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിക്കുമെന്ന വാർത്തകൾ സജീവമാണ്. സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും രാഷ്ട്രീയത്തിലേക്ക് താനില്ലായെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടും വാർത്തകൾ ഒന്നിനു പുറകേ വന്നുകൊണ്ടിരുന്നു. ഇപ്പോഴും അതിനൊരു അന്ത്യം വന്നിട്ടില്ല.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെ പുകഴ്ത്തി മോഹൻലാൽ ട്വിറ്ററിലൂടെ രംഗത്തുവന്നത് ഇത്തരം ചർച്ചകൾക്ക് വീണ്ടും ചൂട് പിടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിന് എതിരായി ശക്തമായ ശിക്ഷ നൽകണമെന്ന നിർദേശം കേന്ദ്ര കാബിനറ്റ് അംഗീകരിച്ചതിനെ പ്രശംസിച്ചാണ് മോഹൻലാൽ ട്വീറ്റ് ചെയ്തത്. ഈ തീരുമാനം സിനിമാ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും മോഹൻലാൽ ട്വീറ്റിൽ പറഞ്ഞിരുന്നു.
ബിജെപി ചിഹ്നത്തിൽ അല്ലാതെ സ്വതന്ത്ര സ്ഥാനാർഥിയായി മോഹൻലാലിനെ മത്സരിപ്പിക്കാൻ സംഘപരിവാർ സംഘടനകൾ ആലോചിക്കുന്നതായും ആർഎസ്എസ് തയാറാക്കിയ സ്ഥാനാർഥി പട്ടികയിൽ മോഹൻലാലിന്റെ പേര് മുൻനിരയിലാണെന്നും വാർത്തകൾ വന്നു. നേരത്തെ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ച് മോഹൻലാൽ ബ്ലോഗെഴുതി.അടുത്തിടെ നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. ഏറ്റവുമൊടുവിൽ പത്മഭൂഷൺ കൂടി മോഹൻലാലിന് നൽകിയതോടെ മോഹൻലാൽ ബിജെപി പാളയത്തിൽ എത്തിയതായി ശക്തമായ പ്രചരണമാണ് നടന്നത്.
മോഹൻലാലിന്റെ മനസ് മാറ്റി മത്സരരംഗത്ത് എത്തിക്കാൻ പ്രിയദർശൻ അടക്കമുള്ള മോഹൻലാലിന്റെ ഉറ്റ സുഹൃത്തുക്കളെ ആർഎസ്എസ് നിയോഗിച്ചതായും അറ്റകൈ പ്രയോഗമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് മോഹൻലാലിൽ സമ്മർദം ചെലുത്താൻ ആർഎസ്എസ് ശ്രമിക്കുന്നതായും വാർത്തകളുണ്ടായിരുന്നു. എന്നാലിപ്പോൾ മോഹൻലാൽ മത്സരിക്കില്ലായെന്ന് ഉറപ്പിക്കാമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
അതേസമയം, മമ്മൂട്ടിയും താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എറണാകുളം ലോക്സഭാ സീറ്റിൽ സിപിഎം സ്ഥാനാർഥിയായി മമ്മൂട്ടി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എനിക്ക് രാഷ്ട്രീയമുണ്ട്.
പക്ഷേ ഞാനൊരു രാഷ്ട്രീയക്കാരനല്ല. നാട്ടിൽ നടക്കുന്നതും നടക്കാൻ പാടില്ലാത്തതുമെല്ലാമാണ് ഞാൻ കാണുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നാണ് നാട്ടിൽ പറയുന്നത്. സിനിമയുള്ളപ്പോൾ നമുക്കെന്തിനാ രാഷ്ട്രീയം- പ്രമുഖ തമിഴ്ചാനലിനു നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.