കൊച്ചി: പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്കു വ്യത്യസ്തമായ സമ്മാനവുമായി എട്ടു കുട്ടികള്‍. താരത്തിന്റെ മെഗാ ചിത്രമാണ് പിറന്നാള്‍ സമ്മാനം. ആറടിയാണ് ചിത്രത്തിന്റെ ഉയരം.
എട്ടുപേരും സ്വന്തം വീടുകളിലിരുന്നു ചിത്രത്തിന്റെ ഓരോ ഭാഗങ്ങള്‍ വരയ്ക്കുകയായിരുന്നു. മധുരരാജയിലെ പോസ്റ്ററിനെ ആധാരമാക്കിയായിരുന്നു ചിത്രരചന.
വിദ്യാര്‍ഥികളായ സൂരജ് കിരണ്‍, അമല്‍ മാത്യു, സിദ്ധാര്‍ഥ് എസ്. പ്രശാന്ത്, പ്രണവ് കെ. മനോജ്, വസുദേവ് കൃഷ്ണന്, ഗേബല്‍ സിബി, ആദിയ നായര്‍, ഗൗരിപാര്‍വതി എന്നിവരാണ് ചിത്രം വരച്ചത്.
മേല്‍നോട്ടം വഹിച്ചത് ഇവരുടെ ചിത്രകലാ അധ്യാപികയായ സീമ സുരേഷ്. കുട്ടികൾ കൊച്ചിയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ്. ജന്മദിനമായ നാളെ മമ്മൂട്ടിക്കു ചിത്രം കൈമാറണമെന്നാണ് കുട്ടികളുടെ ആഗ്രഹം.
ഓഗസ്റ്റ് 15ന് ആര്‍ട്ട് ഇന്‍ ആര്‍ട്ടിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. കേരളത്തിന് പുറമേ, അമേരിക്ക,
യുഎഇ, സാംബിയ തുടങ്ങി വിവിധ രാജ്യങ്ങളില്നിന്നുള്ളകുട്ടികള് ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിയാണ് ഇവരുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഇതിനു നന്ദിയായി ഒരുമിച്ചു ചിത്രം വരയ്ക്കാമെന്ന ആശയം കുട്ടികള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.