മുക്കം: മമ്മൂട്ടി ചിത്രം മാമാങ്കത്തെ വരവേൽക്കാൻ ഭീമൻ ടാറ്റൂ പതിച്ച് ആരാധകൻ. കടുത്ത മമ്മൂട്ടി ആരാധകനായ മാവൂർ സ്വദേശി എം.എം. ഷിഖിൽ ശരീരത്തിൽ മാമാങ്കത്തിന്റെ ഭീമൻ ടാറ്റൂ പതിച്ചാണ് മമ്മൂട്ടിയോടും സിനിമയോടുമുള്ള തന്റെ ഇഷ്ടം ലോകത്തെ അറിയിച്ചിരിക്കുന്നത്. മാവൂർ അരയങ്കോട് സ്വദേശിയായ ഈ 28 കാരൻ കെ.ഗിരീഷിന്റേയും എം ഷീലയുടേയും മകനാണ്.
എറണാകുളം സ്വദേശി കുൽദീപ് ആണ് തികച്ചും സൗജന്യമായി ടാറ്റൂ പതിച്ച് നൽകിയതെന്ന് ഷിഖിൽ പറഞ്ഞു. എറണാകുളം ഇൻസ്റ്റൈൽ ടാറ്റൂ സ്റ്റുഡിയോയിലാണ് രണ്ട് ദിവസത്തോളം സമയമെടുത്ത് ടാറ്റൂ ചെയ്തിരിക്കുന്നത്. പൂർണ്ണമായും ബ്ലാക്ക് ടാറ്റൂ മഷി ഉപയോഗിച്ചായിരുന്നു നിർമാണം. എം.പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം വലിയ ബോക്സോഫീസ് വിജയമാണ് പ്രതീക്ഷിക്കുന്നത്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നാടിനുവേണ്ടി ജീവൻ ത്യജിച്ച ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, അനു സിത്താര തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. മമ്മുട്ടിയുടെ കഥാപാത്രത്തിന് പേരില്ല എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വേണുകുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത് .