ജോണ്സണ് വേങ്ങത്തടം
തൊടുപുഴ: ഇഷ്ടതാരത്തെ കാണണം, ചെയ്ത നന്മകൾക്കു നന്ദി പറയണം, സാധിക്കുമെങ്കിൽ കൂടെനിന്ന് ഒരു പടം പിടിക്കണം. ഇതുമാത്രമാണ് ഇടമലക്കുടി, കുണ്ടളക്കുടി മൂപ്പൻമാരുടെ സംഘത്തിനുള്ള ആഗ്രഹം. അതിനുള്ള അവസരവും മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഒരുക്കിക്കഴിഞ്ഞു. ആദിവാസി കുടികളിൽ ജീവകാരുണ്യ പ്രവർത്തനത്തിനു നേതൃത്വം നൽകി വരുന്ന മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പൂർവികം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു കൂടിയാണ് ഇവരെത്തുന്നത്.
തൊടുപുഴയിൽ മമ്മൂട്ടിയുടെ പുതിയ ചിത്രമായ പരോളിന്റെ ചിത്രീകരണ തിരക്കിലാണെങ്കിലും ആദിവാസി മൂപ്പൻമാരെ കാണാൻ താരം സമയം മാറ്റിവച്ചിട്ടുണ്ട്. തൊടുപുഴ മലങ്കര ഡാമിനു സമീപമുള്ള ലോക്കേഷനിലാണ് ഷൂട്ടിംഗ്. നാളെ രാവിലെ പത്തോടെ മൂപ്പൻമാരുടെ സംഘമെത്തും. മൂന്നാറിലെ ട്രൈബൽ ജനമൈത്രി പോലീസാണ് ഇവർക്കു വേണ്ട സഹായം ചെയ്യുന്നത്.
മൂന്നാർ ഡിവൈഎസ്പി കെ.അഭിലാഷിന്റെ സഹായവും ഇവർക്കുണ്ട്. ആദിവാസി കുടികളിൽ മെഡിക്കൽ ക്യാന്പ്, ബോധവത്കരണ സെമിനാറുകൾ, വിദ്യാഭ്യാസ സഹായം, തുടങ്ങിയവ പൂർവികം പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്. ഇടമലക്കുടി, കുണ്ടള കുടി ആദിവാസി മേഖലയിൽ മൂപ്പൻമാർ കാർഷിക ഉപകരണങ്ങളുടെ ആവശ്യകത അറിയിച്ചിരുന്നു.
ഒപ്പം മമ്മൂട്ടിയെ നേരിട്ടു കാണണമെന്ന മോഹവും. ഇതോടെ തൊടുപുഴയിലോ പരിസരപ്രദേശത്തോ ഷൂട്ടിംഗ് നടക്കുന്പോൾ മൂപ്പൻമാരെ ക്ഷണിക്കാൻ മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. പരസ്യസംവിധായകനായ ശരത് ശാന്ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോൾ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യം തയാറാക്കിയ ശരത്തിന്റെ ആദ്യ ചിത്രമാണിത്.
രണ്ടു ലക്ഷത്തിന്റെ കാർഷികോപകരണങ്ങളാണു കുടികളിലേക്കു മമ്മൂട്ടി സംഭാവന ചെയ്യുന്നത്. ഇതും ഇവർ ഏറ്റുവാങ്ങും. കെയർ ആൻഡ് ഷെയറിന്റെ മുഖ്യരക്ഷാധികാരിയാണു മമ്മൂട്ടി. സംഘടനയുടെ ചെയർമാൻ കെ. മുരളീധരനും(എസ്എഫ്സി ഗ്രൂപ്പ്) മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യനുമാണ്. ബോർഡ് ഡയറക്ടറായ റോബർട്ട് വി. കുര്യാക്കോസാണു പരിപാടിക്കു നേതൃത്വം നൽകുന്നത്.