കാന്‍സര്‍ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്വസ്തി ഫൗണ്ടേഷന്. സ്വസ്തി ഫൗണ്ടേഷന് ക്യാന്‍സര്‍ രോഗികള്‍ക്കായി തയാറാക്കിയ മ്യൂസിക്കല്‍ ആല്‍ബം നടി മംമ്താ മോഹന്‍ദാസ് പുറത്തിറക്കി. സ്വസ്തി ഫൗണ്ടേഷന്റെ ക്യാന്‍സര്‍ രോഗികള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്കി ഒപ്പം നില്ക്കുന്ന വ്യക്തിയാണ് മംമ്ത.
സ്വസ്തി ഫൗണ്ടേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയ്ക്കാണ് മംമ്ത പ്രവര്‍ത്തിച്ചുവരുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന് ഈണമിട്ട് മംമ്ത പാടി അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. യൂട്യൂബില്‍ ഗാനം ഇതുവരെ ലഭ്യമായിട്ടില്ല. തിരുവനന്തപുരം ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്വസ്തി ഫൗണ്ടേഷന് ആദ്യമായി കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് പോലീസ് സേനയിലെ അംഗങ്ങള്‍ക്കിടയില്‍ സൗജന്യമായി കാന്‍സര്‍ നിര്‍ണയ പരിശോധനകള്‍ നടത്തിക്കൊണ്ടാണ്. നിലവില്‍ ജോലി ചെയ്തവര്‍ക്കും വിരമിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്വസ്തിയുടെ ഈ ക്യാമ്പ് പ്രയോജനപ്പെടുത്താം. മെഡിക്കല്‍ വിദഗ്ധരുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സഹകരിച്ചു വരുന്നു.
കാന്‍സര്‍ എന്നത് ഇന്ന് ഒരു പോപ്പുലര്‍ ടോപ്പിക്ക് ആയിരിക്കുകയാണെന്നും ഇങ്ങനെ ഒരു രോഗാവസ്ഥ വന്നാല്‍ അതിനെ സധൈര്യം നേരിടാനാണ് സമൂഹത്തെ പ്രാപ്തമാക്കേണ്ടതെന്നും മംമ്ത പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി സ്വസ്തി ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇതിലെ അംഗങ്ങള്‍ തന്റെ കുടുംബാംഗങ്ങള്‍ പോലെയാണെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ഔസേപ്പച്ചന് ഈണമിട്ട പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ വരികളാണെന്നും കാന്‍സറിനെ അതിജീവിച്ച ഒരാളെന്ന നിലയില്‍ തന്റെ മനസ്സിനെ തൊട്ട വരികളാണവയെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. പെട്ടെന്നുള്ള റെക്കോഡിംഗായിരുന്നതിനാല് ഇനിയും മെച്ചപ്പെടുത്താമെന്ന് തോന്നിയിരുന്നു. എന്നാല്‍, പാട്ടു കേട്ട് കഴിഞ്ഞപ്പോള്‍ തന്റെ മനസ്സ് നിറഞ്ഞുവെന്നും ഈ പാട്ട് എല്ലാവര്ക്കും പ്രചോദനമാകട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വസ്തി ഫൗണ്ടേഷനുവേണ്ടി ഒരു പാട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിലെ സന്ദേശം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ ആദ്യം വരികളെഴുതുകയാണ് വേണ്ടതെന്ന് താന്‍ നിര്‍ദ്ദേശിച്ചുവെന്നും അത് അനുസരിച്ച് ഹരിനാരായണന് വരികള്‍ എഴുതിയപ്പോള്‍ തന്നെ പാട്ടിന് പൂര്‍ണത കൈവന്നുവെന്നും ഔസേപ്പച്ചന് പറഞ്ഞു. ശക്തമായ വരികളാണ് ഹരിനാരായണന് എഴുതിയിരിക്കുന്നതെന്നും ആ വരികള്‍ക്ക് സംഗീതം നല്കാന് എളുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വസ്തി ഫൗണ്ടേഷന്റെ കാന്‍സര്‍ രോഗികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നാല്‍ കഴിയുംവിധം സഹായങ്ങള്‍ ചെയ്യാമെന്നും ഔസേപ്പച്ചന് വാഗ്ദാനം ചെയ്തു. നിലവില്‍ പോലീസുകാര്‍ക്ക് മാത്രമാണെങ്കിലും പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ ഈ പദ്ധതിയെ മാറ്റിയെടുക്കുമെന്നാണ് ഫൗണ്ടേഷന് അറിയിച്ചിരിക്കുന്നത്.