ചായയില്ലാതെ എന്തു മലയാളി, മലയാളിയെപ്പോലെ തന്നെ മലയാളിയുടെ ചായക്കഥകളും പ്രശസ്തമാണ്. നടി മംമ്ത മോഹന്‍ദാസിനും പറയാനുളളത് ഇതു പോലൊരു കഥയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്ത പോസ്റ്റ് ചെയ്ത ആവി പറക്കുന്ന ചായയുടെ ചിത്രത്തിനും പറയാനുണ്ട് ഇത് പോലൊരു അഡാര്‍ കഥ. പക്ഷേ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ തയ്യാറല്ല മമ്ത.’മൈ ടി ചായ് സ്റ്റോറി’ എന്ന തലക്കെട്ടിലാണ് മംമ്ത കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുറിപ്പില്‍ പറയുന്നതിങ്ങനെ…’ജീവിതം നമ്മളെ ഓരോരുത്തരെയും നമ്മുടെ പ്രിയപ്പെട്ടവരേയും പല ദിശകളിലേക്ക് ഓടിച്ചു കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ ഉള്ള തത്രപ്പാടിലാണ് എല്ലാ ഓട്ടങ്ങളും. ഇതിനിടയില്‍ കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ രാവിലത്തെ ചായയ്ക്ക് വലിയ പങ്കുണ്ട്. അത് കുടിച്ചു കൊണ്ടുള്ള വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കു വയ്ക്കല്‍ എന്നത് ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയാണ് ഈ ശീലം ഉണ്ടാക്കിയത്. (വ്യായാമത്തിന് മുന്‍പ് ചായ കുടിക്കുന്നത് നല്ലതാണ് എന്ന് കൂടി പറഞ്ഞോട്ടെ.)
അത് കൊണ്ട് തന്നെ രാവിലത്തെ ചായ കുടിക്കുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എന്റെ പ്രിയപ്പെട്ടവരെയാണ്. ഈ പടം എന്റെ അമ്മയ്ക്കുള്ളതാണ്. നാട്ടിലെ പീടികളില്‍ കിട്ടുന്ന കണ്ണാടി ഗ്ലാസ്സിലെ ചായയെ വല്ലാതെ ഇഷ്ടപ്പെടുന്ന എന്റെ അമ്മയ്ക്ക്. ഈ ചായ ഞാന്‍ കുടിച്ചത് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലാണ്. അവിടെ ഞാന്‍ എന്ത് ചെയ്യുകയായിരുന്നു എന്നത് വലിയൊരു കഥയാണ്.’ ആ കഥ ഇപ്പോള്‍ പറയുന്നില്ലെന്ന് മമ്ത പറയുന്നു.
മംമ്തയുടെ കുറിപ്പ് വായിച്ച ആരാധകരുടെ മനസില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പൊലീസ് സ്റ്റേഷനില്‍ മംമ്ത തന്റെ ഏറ്റവും അടുത്ത ആരെയെങ്കിലും കണ്ടുമുട്ടിയോ? അതോ ഷൂട്ടിംഗിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതോ ? ഇങ്ങനെ ചോദ്യങ്ങള്‍ നീളുകയാണ്. എന്തായാലും ആരാധകര്‍ തല പുകച്ചിട്ട് കാര്യമില്ല. ആ കഥ മംമ്ത തന്നെ പറയണം. ഉടന്‍ തന്നെ മംമ്ത ഈ ചായയ്ക്കു പിന്നിലെ കഥ പറയുമെന്ന് തന്നെ കരുതാം. സംവിധായകന് കമലിന്റെ അസിസ്റ്റന്റായിരുന്ന അല്‍ത്താഫ് റഹ്മാന് സ്വതന്ത്ര സംവിധായകനാവുന്ന ‘നീലി’ എന്ന ചിത്രത്തിലാണ് മംമ്ത ഇപ്പോള്‍ അഭിനയിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്. എന്തായാലും കുറിപ്പ് വൈറലായിക്കഴിഞ്ഞു.