എംടി-ഹരിഹരന്‍ ടീമിന്റെ മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്. ഒരു നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായികകൂടിയാണ് മംമ്ത.
മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ഒപ്പം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞു.
തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ വ്യക്തമായ നിലപാടുള്ള താരം കൂടിയാണ് മംമ്ത മോഹന്‍ദാസ്.
ഇപ്പോഴിതാ ലൈംഗിക പീഡന കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്ന് പറയുകയാണി നടി. താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുക ആണെന്നും മംമ്ത പറയുന്നു.
യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടത് ആണെന്നാണ് തന്റെ അഭിപ്രായമെന്നും മംമ്ത വ്യക്തമാക്കുന്നു.
മീഡിയ വണ്‍ ചാനലിനോട് ആയിരുന്നു മംമ്തയുടെ തുറന്നു പറച്ചില്‍. ലൈംഗിക പീഡനകേസുകളില്‍ അതി ജീവിതകള്‍ പരസ്യമായി തന്നെ രംഗത്ത് വരുന്ന പശ്ചാത്തലത്തില്‍ ആണ് മംമ്തയുടെ ഈ പരാമര്‍ശങ്ങള്‍.
ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ കൂട്ടത്തിലുണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്.
യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്‌ള്യൂസിസിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണ്.
ലോകത്ത് തന്നെ ഒരു ഡിവിഷനുണ്ട് അത് ഇന്‍ഡസ്ട്രിയിലുമുണ്ട്. എല്ലാത്തിനും രണ്ട് വശങ്ങളുണ്ടാവും രണ്ട് വശങ്ങളെ പറ്റിയും അറിയാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. തെറ്റ് സംഭവിച്ചാല്‍ രണ്ട് വശത്ത് നിന്നും തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും.
ഒരു സ്ഥലത്തേക്ക് പോയി അവിടെ നിന്ന് എന്തെങ്കിലും സംഭവിച്ചിട്ട് ഞാന്‍ അതിന്റെ ഇരയാണെന്ന് പറയുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല.
ഏത് സിറ്റുവേഷനിലേക്ക് പോകുമ്പോഴും ചിന്തിക്കുക. ഞാന്‍ ഒരു വ്യക്തിയുടെ അടുത്തേക്ക് പോകുമ്പോള്‍ അയാളെന്താണ് എന്നെ പറ്റി ചിന്തിക്കുന്നതെന്ന് തിരിച്ചറിയണം.
പരാതി കൊടുക്കാനുള്ള ബുദ്ധി ഉണ്ടെങ്കില്‍ ഇതൊക്കെ നേരത്തെ മനസിലാക്കാനുള്ള ബുദ്ധിയും ഒരു പെണ്‍കുട്ടിക്കുണ്ട്. ജനുവിനായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്.
ആ ഇരക്കൊപ്പം നില്‍ക്കണം. ചുരുക്കം ചില സംഭവങ്ങളില്‍ ഒഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല.
എല്ലാക്കാലത്തും ഇരയാകാന്‍ നില്‍ക്കരുത്. അതില്‍ നിന്നും വളരണം. ഞാനും ഈ ഫേസുകള്‍ നേരിട്ടാണ് ഈ നിലയിലേക്ക് എത്തിയത്.
ജനുവിന്‍ അല്ലാത്ത കേസുകള്‍ കാരണം യഥാര്‍ത്ഥ ഇരകള്‍ നിശബ്ദരാക്കപ്പെടുകയാണ്. ഇതിനെ പറ്റി സംസാരിക്കുന്ന വ്യക്തികള്‍ക്ക് ശരിക്കും അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.
ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അടച്ചിട്ട മുറിയിലിരുന്ന് സംസാരിക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
യഥാര്‍ത്ഥ ഇര പരസ്യമായി പുറത്ത് വന്ന് സംസാരിക്കില്ല. അതിന് മാനസികമായി കടന്നുവരേണ്ട പടികളുണ്ട്. അത് വളരെ പതുക്കെ നടക്കുന്ന പ്രോസസ് ആണ്.
നേരിട്ടതെന്താണെന്ന് എടുത്തടിച്ചത് പോലെ പറയാന്‍ ഒരു യഥാര്‍ത്ഥ ഇരക്ക് സാധിക്കില്ല. അവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ് കുറച്ച് പേര്‍ എടുത്ത് ചാടിയാല്‍ അത് ആ പ്രശ്‌നത്തെ പരിഹരിക്കില്ല.
ആ സംഭവത്തില്‍ നിന്ന് പുറത്തു കടന്ന് ഉയര്‍ന്നുവരാന്‍ ഇരകള്‍ തയാറാകണം. സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്.
പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം എന്നും മംമ്ത മോഹന്‍ദാസ് പറയുന്നു.