കോൽക്കത്ത: പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ഇത്തരം ചർച്ചകൾക്കുള്ള സമയം ഇതല്ലെന്നു മമത പറഞ്ഞു.
തങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഒന്നിച്ചെടുക്കുന്ന തീരുമാനം എന്താണോ അത് തങ്ങൾ അംഗീകരിക്കും. എന്നാൽ ഇത്തരം ചർച്ചകൾക്കുള്ള സമയം ഇതല്ല. നല്ലൊരു മാറ്റം ഉണ്ടാകുന്ന നാളുകൾക്കായി നമുക്ക് പ്രതീക്ഷവയ്ക്കാമെന്നും മമത പറഞ്ഞു.
ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ ഉടൻ തന്നെ സമാജ്വാദി പാർട്ടിയും തെലുങ്ക് ദേശം പാർട്ടിയും തൃണമൂൽ കോൺഗ്രസും നാഷണൽ കോൺഫെറൻസും ആർജെഡിയും സിപിഎമ്മും ഇതിനെ എതിർത്തു.
അനവസരത്തിലുള്ളതും ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്നതുമാണ് പ്രഖ്യാപനമെന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.