കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി ഫാഷിസ്റ്റ് സർക്കാരുമായാണ് മുന്നോട്ടുപോകുന്നതെന്നും ഫാഷിസ്റ്റ് മോദിയെ പുറത്താക്കാനാണ് ഈ തെരഞ്ഞെടുപ്പെന്നും മമത പറഞ്ഞു.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണു നിലനിൽക്കുന്നത്. മോദിയെ പേടിച്ച് ആളുകൾ പൊതുജനമധ്യത്തിൽ ഒന്നും പറയാറില്ല. ഈ ഫാഷിസവും ഭീകരതയും അവസാനിപ്പിക്കണം. ഈ പൂച്ചയ്ക്ക് ആരെങ്കിലും മണി കെട്ടിയേ തീരൂ. 1942-ൽ ബ്രിട്ടീഷുകാർക്കെതിരേ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. ഇന്ന് ഫാഷിസ്റ്റ് ഭരണാധികാരിയായ മോദിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ നമ്മൾ പോരാടുന്നു- മിഡ്നാപ്പൂരിലെ ഡെബ്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മമത പറഞ്ഞു.
ബംഗാളിൽ 17 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമതയും മോദിയും തമ്മിൽ വാക്പോരും മൂർച്ഛിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് മമത മോദിക്കെതിരേ രൂക്ഷ വിമർശനം തൊടുക്കുന്നത്. മോദിക്ക് ജനാധിപത്യത്തിൽനിന്ന് ഒരു കനത്ത അടി നൽകേണ്ടത് ആവശ്യമാണെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.