കോൽക്കത്ത: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് മമത കുറ്റപ്പെടുത്തി. പ്രസിഡൻഷ്യൽ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും മമത ചൂണ്ടിക്കാട്ടി.
രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളെ ബിജെപി ഛിന്നഭിന്നമാക്കുകയാണെന്നും അവർ തുറന്നടിച്ചു. കർണാടകയിൽ ഒരു സർക്കാർ തന്നെ അട്ടിമറിക്കപ്പെട്ടപ്പോൾ ആരും ഒന്നും മിണ്ടിയില്ല. ബംഗാളിലും അത് തന്നെ നടക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. പക്ഷേ, അതിന് യാതൊരു സാധ്യതകളുമില്ല- മമത പറഞ്ഞു. ബംഗാളും പിടിച്ചെടുക്കുമെന്ന ബിജെപിയുടെ വെല്ലുവിളി എങ്ങനെ നടക്കുമെന്ന് താനൊന്ന് കാണട്ടെയെന്നും മമത കൂട്ടിച്ചേർത്തു.
ശാരദാ ചിട്ടിതട്ടിപ്പു കേസിനെക്കുറിച്ചും അവർ പ്രതികരിച്ചു. ഏത് അന്വേഷണ ഏജൻസി വന്നാലും, കുറ്റം ചെയ്യാത്തതിനാൽ തങ്ങൾക്ക് ഭയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.