കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇന്ത്യൻ പൗരത്വമുള്ളവരിൽനിന്ന് അത് എടുത്തുമാറ്റാനും ബിജെപിക്ക് ഫണ്ട് നൽകുന്ന വിദേശികൾക്ക് പൗരത്വം നൽകാനുമാണ് ബിജെപിയുടെ നീക്കമെന്നാണ് മമത ആരോപിക്കുന്നത്. ബിജെപിക്ക് വിദേശ ഫണ്ട് നൽകി കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് തൃണമൂൽ കോണ്ഗ്രസിന്റെ വിദ്യാർഥി വിഭാഗം പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യവേ മമത ബാനർജി ആരോപിച്ചു.
ഇന്ത്യയെ ഇടയ്ക്കിടെ പാക്കിസ്താനുമായി താരതമ്യം ചെയ്യുന്ന ബിജെപിയുടെ നിലപാടിനെയും മമത ചോദ്യം ചെയ്തു. പാക്കിസ്താനുമായി എന്തോ ഗൂഢമായ ഇടപാട് ബിജെപിക്കുണ്ടാകാമെന്ന് അവർ സംശയമുന്നയിച്ചു.
ബിജെപിക്ക് പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ഗൂഢ ധാരണയുണ്ടോ ? അതോ അവർ പാകിസ്താന്റെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കുകയാണോ ? മമത ചോദി ക്കുന്നു.
അതിഥികളോട് എങ്ങനെ പെരുമാറണമെന്ന് നമുക്കറിയാം. ശത്രുക്കളോടുപോലും നാം മാന്യമായാണ് പെരുമാറുന്നത്. എന്നാൽ നമ്മുടെ പാർട്ടി നേതാക്കളെ ജമ്മുവോ ഗുവാഹത്തിയോ സന്ദർശിക്കാൻ അവർ (ബിജെപി) അനുവദിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ ജനങ്ങൾ സുരക്ഷിതരാണ്. ഇവിടെ അവർ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ലെന്നും മമത വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കൊൽക്കത്ത സന്ദർശിച്ചിരുന്നു. മമത ബാനർജി രാജ്ഭവനിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതി രായ പ്രതിഷേധം കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് അവർ പിന്നീട് വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മമത പൗരത്വ നിയമ ഭേദഗതി നിയമത്തിനെ തിരെയുള്ള പ്രതിഷേധ റാലിക്ക് എത്തുകയും ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികൾ പൗരത്വ നിയമത്തിനെതിരേ ഒത്തുകൂടി യോഗം നടത്തിയപ്പോൾ അതിൽ പങ്കെടുക്കാതെ മമത മാറി നിന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.