എന്ത് ജാതി, ഏതാ മുന്തിയ ജാതി! ആരിലും അടിച്ചേല്‍പിക്കാനുള്ളതല്ല രാജ്യസ്‌നേഹം; ദേശീയഗാന വിവാദത്തില്‍ കമലിനെ പിന്തുണച്ച് മാമുക്കോയ

Mamukoya

കോഴിക്കോട്:  കേരള സാഹിത്യോത്സവത്തില്‍ പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്‍റെ രസങ്ങള്‍ പകര്‍ന്നുകൊണ്ട് മാമുക്കോയ. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പും, നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്‍റെ ആദ്യദിനമായ ഇന്നലെ സാഹിത്യപ്രേമികള്‍ക്കായി ഒരുക്കിയ വിരുന്നില്‍ പ്രധാന ആകര്‍ഷണമായിരുന്നു കോഴിക്കോടിന്‍റെസ്വന്തം മാമുക്കോയയുമായി വിദ്യാര്‍ഥികള്‍ നടത്തിയ ആശയസംവാദം.

അന്ധവിദ്യര്‍ഥികളോടൊപ്പം മാമുക്കോയ’ എന്ന പരിപാടി നടന്ന തൂലിക എന്ന വേദി പൊട്ടിചിരികളാലും   കൈയടികളാലും മുഖരിതമായിരുന്നു. ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നടത്തപെടുന്ന സാഹിത്യ ഉത്സവം കോഴിക്കോടിന്‍റെ കൂടി ഉത്സവമാണെന്ന് പറഞ്ഞാണ് അദ്ദേഹം ചര്‍ച്ച തുടങ്ങിയത്. ന്യൂനപക്ഷത്തെകുറിച്ചുള്ള ചോദ്യത്തിന് എന്ത് ജാതി ഏതാ മുന്തിയ ജാതി എന്നു ചോദിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. ഒരാളും മറ്റുള്ളവരെക്കാള്‍ വലുതും ചെറുതുമല്ല. ജാതിക്കോ മതത്തിനോ ജീവിതത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. കമലിന്‍റെ അഭിപ്രായം പൂര്‍ണമായും ശരിയാണ്. ആരിലും അടിച്ചേല്‍പിക്കാനുള്ളതല്ല രാജ്യസ്‌നേഹം. സ്വന്തം കാര്യത്തില്‍ നിന്നും വിഭിന്നമായി അടുത്തുള്ളയാള്‍ക്കു കൂടി വേണ്ടി പ്രതികരിക്കുന്‌പോഴാണ് മനുഷ്യന്‍ മനുഷ്യനായി മാറുന്നതെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു.

ആനുകാലിക സംഭവങ്ങളെ കുറിച്ചും രാഷ്ട്രീയ നേതാക്കളെ കുറിച്ചും ചോദിച്ചപ്പോള്‍ തല മൂത്താലും അധികാരം വിടില്ലെന്നുള്ള രാഷ്ട്രീയക്കാരുടെ വാശി ഉപേക്ഷിച്ചാല്‍ നാട് നന്നാകും എന്നായിരുന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി. നോട്ട് നിരോധനം പോലുള്ളവ ഭരണപാര്‍ട്ടികള്‍ ഭരിച്ച് പഠിക്കുന്നതിന്‍റെ ഭാക്കി പത്രങ്ങളാണ്.  പണ്ട് ഗ്രാമീണവായനശാലകളും സാംസ്കാരിക കൂട്ടായ്മകളും സമൂഹത്തിന്‍റെ കെട്ടുറപ്പ് ഭദ്രമാക്കി.

എന്നാല്‍ ഇന്നിവയൊന്നും ഇല്ലാത്തതിന്‍റെ ഫലമാണ് വിദ്യര്‍ഥികളില്‍ നിറയുന്ന ദുഷ്ചിന്തകള്‍. ഇന്‍റര്‍നെറ്റ് പോലുള്ള സംവിധാനങ്ങള്‍ നാശത്തിന്‍റെ ആക്കം കൂട്ടിയെന്നും മാമുക്കോയ പറഞ്ഞു. കലാസാംസ്കാരികബോധം തന്നെയാണ് ഇതിനെല്ലാമുള്ള ഉത്തമമായ ഔഷധമെന്നും അദ്ദേഹം പറഞ്ഞു. നാടകങ്ങള്‍ വായിക്കുകയും മനസിലാക്കുകയും വേദികളില്‍ കളിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു. രാഷ്ട്രീയത്തിലിറങ്ങികൂടെയെന്ന ചോദ്യത്തിന് മനസമാധാനമാണ് വലുതെന്നായിരുന്നു മറുപടി.

Related posts