കോഴിക്കോട്: മലബാറിന്റെ അഭിനയമൊഞ്ച് ലോകത്തിന്റെ നെറുകയിലെത്തിച്ച ചിരിയുടെ സുൽത്താന്‍ നാടിന്റെ അത്യാഞ്ജലി. കോഴിക്കോടൻ ശൈലിയിൽ അഭ്രപാളിയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച തങ്ങളുടെ പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാൻ നൂറുകണക്കിനാളുകൾ കോഴിക്കോട്ടേക്കൊഴുകിയെത്തി.
ഇന്നലെ ഉച്ചയോടെ അന്തരിച്ച മാമുക്കോയയുടെ ഭൗതിക ശരീരം രാത്രി 10 വരെ കോഴിക്കോട് ടൗണിലും തുടർന്ന് ഇന്ന് രാവിലെ ഒന്‍പത് വരെ അരക്കിണറിലെ വീട്ടിലും പൊതുദർശനത്തിന് വച്ചു.
തുടർന്ന് രാവിലെ 9.15ഓടെ അരക്കിണറിലെ ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനുശേഷം വിലാപയാത്രയായി കോഴിക്കോട് കണ്ണംപറന്പ് മസ്ജിദിൽ എത്തിച്ചു. ഇവിടെ വച്ച് വീണ്ടും മയ്യത്ത് നമസ്കാരം നടത്തിയതിനുശേഷം കണ്ണംപറന്പ് കബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.
കോഴിക്കോട്ടുകാരുടെ സ്വന്തം ഇക്കയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ രാവിലെയും നിരവധി പേരാണ് അരക്കിണറിലെ വീട്ടിലെത്തിയത്. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് ഇടവേള ബാബു രാവിലെ അരക്കിണറിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ രാത്രി ടൗൺ ഹാളിൽ നടി സുരഭി ലക്ഷ്മി, നടനും അടുത്ത സുഹൃത്തുമായ കോഴിക്കോട്നാരായണൻ നായർ, ബാബു നന്പൂതിരി, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ഡോ. ബീനാ ഫിലിപ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ച കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ നിലവഷളായതോടെ ഉച്ചയ്ക്ക് 1.05-ന് മരണത്തിന് കീഴടങ്ങി.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരില് ഒരാളായ മാമുക്കോയ നാടകരംഗത്തുനിന്നുമാണ് സിനിമയില്‍ എത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ അടുത്ത സുഹൃത്തായിരുന്ന മാമുക്കോയ കേരള സര്‍ക്കാരിന്റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവുകൂടിയാണ്.
1979-ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. കോഴിക്കോട്ടെ കലാ-സാംസ്കാരിരംഗങ്ങളിലും അവസാന നിമിഷം വരെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946-ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലായിരുന്നു ജനനം.