ശരത് ജി. മോഹൻ
സമൂഹ മാധ്യമങ്ങളുടെ വരവോടെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ് തഗ്ഗുകള്‍. കുറിക്കുകൊള്ളുന്ന മറുപടികള്‍ ഒരാള്‍ പറയുമ്പോള്‍ ഒരു കണ്ണടയും മാലയുമൊക്കെ അയാള്‍ക്ക് ചാര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ തഗ്ഗില്‍ ചെയ്യാറ്.
ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആ മാലയും കൂളിംഗ് ഗ്ലാസും അണിഞ്ഞിട്ടുള്ള ആളാണ് മാമുക്കോയ. ആ പേര് ഓര്‍ക്കുമ്പോള്‍ തന്നെ സിനിമാ പ്രേമികളുടെയൊക്കെ മുഖത്ത് ഒരു ചിരിപടരും. അദ്ദേഹം പറഞ്ഞ് ഫലിപ്പിച്ച വാചകങ്ങള്‍ മനസിലോടിയെത്തുകയും ചെയ്യും.
450ല്‍ അധികം കഥാപാത്രങ്ങളായി നമ്മളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് ഈ വലിയ നടന്. ഇവയില്‍ പലതും തിരക്കഥയിലുള്ളവ ആയിരുന്നില്ല എന്നതാണ് വാസ്തവം. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളിയെ മാമുക്കോയ ചിരിപ്പിച്ചു.
നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്തുമായി ചങ്ങാത്തം കൂടാത്ത മലയാളിയുണ്ടാകില്ല. മറുകരയിലെത്തിക്കമെന്നും പറഞ്ഞ് നായകനെയും കൂട്ടുകാരനെയും പറ്റിച്ച ഗഫൂര്‍ നമുക്ക് ചതിയനായിട്ടല്ല അനുഭവപ്പെട്ടത് എന്നതോര്‍ക്കുക.
കണ്‍കെട്ടിലെ കീലേരി അച്ചുവും അതുപോലെ തന്നെ നമ്മുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗുണ്ടയാണ്. അതും ഒരാളെ കൊന്ന് ജയിലില്‍ പോയിട്ട് തിരിച്ചുവന്നയാളണ് ആ കഥാപാത്രം. സന്ദേശത്തിലെ ഐഎന്എസ്പിയുടെ കെ.ജി. പൊതുവാള് എന്ന രാഷ്ട്രീയക്കാരനും നെഗറ്റീവ് ഷേയ്ഡ് ഉള്ള ഒന്നായിരുന്നു.
മാള അരവിന്ദന്റെ എസ്ഐ ആനന്ദന് കണക്കിന് പണികൊടുക്കുന്ന ഈ കഥാപാത്രം സിദ്ധീഖിന്റെ ഉദയഭാനുവിനെയും നാട്ടില്‍ നിന്നോടിക്കുന്നുണ്ട്. ആട് 2 ല്‍ അദ്ദേഹം ചെയ്ത ഇരുമ്പ് അബ്ദുള്ള എന്ന കഥാപാത്രവും ഒരു തട്ടിപ്പുകാരനാണ്. ആ കഥാപാത്രം പറയുന്ന “മാണ്ട’ പുതിയ തലമുറയേയും ചിരിപ്പിക്കുകയാണ്.
മേല്‍ പറഞ്ഞവയടക്കം നിരവധി നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് അദ്ദേഹം നമ്മളെ ചിരിപ്പിച്ചു. ഇവയ്ക്കൊപ്പം സമൂഹത്തില്‍ നാം കാണാറുള്ള സാധാരണക്കാനായി വന്നും അദ്ദേഹം നമുക്ക് ചിരി സമ്മാനിച്ചു.
മന്ത്രമോതിരം ചിത്രത്തിലെ മാമുക്കോയയുടെ മഹര്‍ഷിയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. തപോവനത്തിലെ കന്യകയെ വണ്ട് ഉപദ്രവിക്കുമ്പോള്‍ “പടച്ചോനെ…’, “എജ്ജാതി’ എന്നൊക്കെ മാമുക്കോയയുടെ മഹര്‍ഷി പറയുമ്പോള്‍ ആരും ചിരിച്ചുപോകും. “ആര് നീ ഭദ്രേ താപസ കന്യേ ആശ്രമമേതെന്ന് ചൊല്ലൂ’ എന്ന് മാപ്പിള പാട്ടിന്റെ ശൈലിയില്‍ അദ്ദേഹം പാടുമ്പോള്‍ കാണികള്‍ ആര്‍ത്ത് ചിരിക്കാതിരിക്കുന്നതെങ്ങനെ.
തലയണ മന്ത്രത്തിലെ കുഞ്ഞനന്തന് മേസ്തിരി നടന് ഇന്നസെന്റിന്റെ കഥാപാത്രമായ ഡാനിയേലിനെ തല്ലിയിട്ട് “ഒരുത്തന് ചാകാന്‍ കിടക്കുമ്പോഴല്ല ചെറ്റവര്‍ത്തമാനം പറയേണ്ടത്’ എന്ന വാചകം ഏറെ പ്രശസ്തമാണ്. ഒപ്പം സിനിമയില്‍ മൃതദേഹം കണ്ട സെക്യൂരിറ്റി കഥാപാത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്.
കേരള സര്‍ക്കാരിന്റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാരം സ്വന്തമാക്കിയ ഈ കലാകാരന് വിട പറയുമ്പോഴും അതൊരു വലിയ നഷ്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. എന്നിരുന്നാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സാധാരണക്കാരന്റെ മനസില്‍ നോവായും സമൂഹ മാധ്യമങ്ങളില്‍ തഗ്ഗായും, മീമുകളായും, ട്രോളായും ഇനിയുമുണ്ടാകും.
മലബാറന് ഹാസ്യ ശൈലിയിലൂടെ മലയാള മനസിനെ കീഴടക്കിയ മഹാപ്രതിഭയ്ക്ക് പ്രണാമം.