സമൂഹത്തിന്റെ വിവിധതുറയിലുള്ള സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികചൂഷണങ്ങളെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞു രംഗത്ത് വന്നതോടെയാണ് മീടു ക്യാമ്പയ്ന്‍ വലിയ ചര്‍ച്ചയായത്. ഏതാനും ദിവസങ്ങളായി രാജ്യത്ത് മീടു ക്യാമ്പയ്ന്‍ കത്തിപ്പടരുകയാണ്. നിരവധി പ്രമുഖരാണ് മീടുവില്‍ കുടുങ്ങിയത്. നടനും കൊല്ലം എംഎല്‍എയുമായ മുകേഷായിരുന്നു ഏറ്റവും അവസാനമായി മീടുവില്‍ പെട്ടത്.
ലൈംഗികാതിക്രമങ്ങള്‍ നേരിട്ട വനിതകള്‍ അതു തുറന്നു പറയുമ്പോള്‍ തകര്‍ന്നു വീഴുന്നത് പല മുഖംമൂടികളുമാണ്. ഇതിനിടയില്‍ ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ന്യൂയോര്‍ക്കിലെ ബാങ്കില്‍ ഡയറക്ടറായി ജോലി നോക്കുന്ന മലയാളിയായ നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുന്ന മാനസികാവസ്ഥയിലേക്ക് ഒരു പുരുഷന്‍ എത്തിച്ചേരുന്നതിനു കാരണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് നസീര്‍ കുറിയ്ക്കുന്നു. തനിക്കുണ്ടായ അനുഭവങ്ങളിലൂടെയാണ് നസീര്‍ ഇക്കാര്യം സമര്‍ഥിക്കുന്നത്.
നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ… …മോനേ എന്നൊരു തെറിയോടെയാണ് എന്റെ മുഖത്ത് അടി വീണത്. ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു.നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളില്‍ നല്ല ശക്തിയില്‍ വന്ന് വീണു. കണ്ണടയുടെ കാലുകള്‍ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി.
ഒന്നും പറയാന്‍ ആയ അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഒരു നിമിഷം ആയിരുന്നു അത്. എതിരെ വരുന്ന KSRTC ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയാലോ എന്നുവരെ ഞാന്‍ ആലോചിച്ചു.”നീ എവിടെ ഉള്ളതാടാ” ചുറ്റും കൂടിയ ആള്‍കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനു അടുത്തയായിരുന്നു സ്ഥലം.
”ഞാന്‍ ഇവിടെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നതാണ് .. ‘ വരണ്ട ചുണ്ടുകള്‍ നാക്ക് കൊണ്ട് നനക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.
‘അവനെ വിട്ടേര്, ഇങ്ങിനെ കുറെ തലതെറിച്ച പിള്ളേര്‍ ഇറങ്ങിയിട്ടുണ്ട്, ഒരു തല്ല് കൂടി കൊള്ളാനുള്ള ത്രാണി അവനില്ല” കൂട്ടത്തില്‍ ആരോ എനിക്ക് അപ്പോള്‍ ഒട്ടും അര്‍ഹിക്കാത്ത സഹതാപം തന്നു. ഞാന്‍ ഈ സംഭവം നടന്ന കടയുടെ അരികിലൂടെ തിരിഞ്ഞു നോക്കാതെ താഴേക്കുള്ള വഴിയിലേക്ക് നടന്നു. കൂട്ടം കൂടിയവര്‍ കരയാന്‍ തുടങ്ങിയ സ്ത്രീയെ സമാധാനിപ്പിച്ചു, എവിടെ നിന്നോ അവരുടെ മകന്‍ ട്രൗസറും തിരുപ്പിടിച്ച് എന്താണ് സംഭവിച്ചത് എന്നറിയാത്ത അന്താളിച്ചു നിന്നു.
തനിക്ക് പറ്റിയ തെറ്റിനു കാരണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് നസീര്‍ ഹുസൈന്‍ തുറന്നു പറയുന്നു.സ്ത്രീകളും ആയി ഒട്ടും ഇടപഴകാതെ ആയിരുന്നു എന്റെ ബാല്യവും കൗമാരവും. കൂട്ടുകാരുടെ പെങ്ങന്മാര്‍ ഞങ്ങള്‍ വീട്ടില്‍ കൂട്ടുകാരെ കാണാന്‍ വരുമ്പോള്‍ അടുക്കളയിലേക്ക് എഴുന്നേറ്റ് പോയി.
ബന്ധുക്കളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സംസാരിക്കാന്‍ അധികം അവസരങ്ങള്‍ കിട്ടിയില്ല. പഠിച്ചത് ബോയ്‌സ് ഒണ്‍ലി ഹൈ സ്‌കൂളിലും ഡിഗ്രി കോളേജിലും. പക്ഷെ പ്രകൃതിയുടെ ലൈംഗിക ചോദന സംസ്‌കാരവും ആയി വലിയ ബന്ധമില്ലാത്ത ഒന്നാണ്. പെണ്‍കുട്ടികള്‍ ഒരു കൗതുക വസ്തുക്കള്‍ ആയിരുന്ന കുറെ ആണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഞാനും.നസീര്‍ പറയുന്നു.
നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…</strong