ലണ്ടൻ: ഒരു തവണ പരാജയപ്പെടുന്പോഴേക്കും മനസ് മടുത്തു പിന്നീട് ആ വഴിക്ക് പോകാത്തവരാണ് പലരും. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ തോൽക്കുമെന്നു പേടിച്ചു ടെസ്റ്റിനു പോകാൻ മടിക്കുന്നവർ വരെയുണ്ട്.
എന്നാൽ, ഇതാ ലണ്ടനിൽനിന്നു വ്യത്യസ്തമായൊരു കഥ. ഒന്നോ രണ്ടോ അല്ല 157 തവണ ഡ്രൈവിംഗ് തിയറി ടെസ്റ്റിനു (ഇവിടുത്തെ ലേണേഴ്സ് ടെസ്റ്റിനു സമാനം) പരാജയപ്പെട്ട ഒരാൾ ഒടുവിൽ വിജയിച്ചിരിക്കുന്നു.
പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഈ ഡ്രൈവർ ഇതിനായി ചെലവാക്കിയ തുക കേട്ടാൽ ആരും ഞെട്ടും, മൂന്നു ലക്ഷം രൂപ! എന്തായാലും തിയറി ടെസ്റ്റ് മാത്രമേ പാസായിട്ടുള്ളൂ.
ഇനി പ്രക്ടിക്കൽ എന്ന കടന്പ കൂടിയുണ്ട്. അത് എന്താകുമെന്നു കാത്തിരുന്നു കാണണം. ലണ്ടനിലെ ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഇദ്ദേഹമാണ് ഏറ്റവും അധികം തവണ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ട വ്യക്തി.
രണ്ടാം സ്ഥാനത്ത് ഇതുവരെ 117 തവണ തിയറി ടെസ്റ്റ് നടത്തിയിട്ടും ഇനിയും വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയാണ്. മൂന്നാം സ്ഥാനത്ത് 48 വയസുള്ള മറ്റൊരു സ്ത്രീയാണ്.
അവർ തന്റെ 94-ാം ശ്രമത്തിൽ ടെസ്റ്റ് വിജയിച്ചു. ഇനി പ്രായോഗിക പരീക്ഷയുടെ കാര്യത്തിലുമുണ്ട് റിക്കാർഡുകൾ. എഴുപത്തിരണ്ടുകാരനായ ഒരാൾ ലൈസൻസ് നേടാൻ 43 തവണയാണ് പ്രയോഗിക പരീക്ഷയിൽ പങ്കെടുത്തത്.
രണ്ടാം സ്ഥാനത്ത് 41 ശ്രമങ്ങൾ നടത്തിയിട്ടും ഇനിയും വിജയിക്കാത്ത ഒരു സ്ത്രീയാണ്. ആദ്യ ശ്രമത്തിൽ നിങ്ങൾ വിജയിച്ചില്ലെങ്കിലും ശ്രമിക്കുക, വീണ്ടും ശ്രമിക്കുക.
നിങ്ങൾ വിജയിക്കുന്നതുവരെ ശ്രമിക്കുക. ജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്നാണ് ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുക എന്നത്.
ചിലർ ഇതിനായി കൂടുതൽ ശ്രമിക്കേണ്ടി വരും എങ്കിലും തോറ്റ് പിന്മാറരുത് – സെലക്ട് കാർ ലീസിംഗ് കന്പനിയുടെ ഡയറക്ടറായ മാർക്ക് ടോംഗിന് പറയാനുള്ളത് ഇതാണ്.