സോറി മൈല്‍ക്കുറ്റിയാണെന്നാ വിചാരിച്ചത്! നടപ്പാതയോരത്ത് മൊബൈലില്‍ കണ്ണും നട്ടിരുന്ന യുവാവിന് പണി കൊടുത്ത നായയുടെ ഇന്നത്തെ അവസ്ഥ കാണുക…

വഴിയോരത്ത് മൊബൈലില്‍ മുഴുകിയിരുന്ന യുവാവിന് പണി കൊടുത്ത നായയുടെ വീഡിയോ കഴിഞ്ഞ മാസം വൈറലായിരുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളെല്ലാം തന്നെ കണ്ട ദൃശ്യമായിരുന്നു അത്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഒരു വിജനമായ പാതയോരത്ത് മൊബൈലില്‍ മുഴുകിയിരുന്ന യുവാവിന്റെ പിന്നില്‍ വന്നു മൂത്രമൊഴിച്ചിട്ടു പോയ ഒരു തെരുവുനായയായിരുന്നു വീഡിയോയിലെ താരം. മൊബൈലില്‍ വ്യാപൃതനായിരുന്ന യുവാവ് ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. സാധാരണ മൈല്‍ക്കുറ്റിയും പോസ്റ്റുമൊക്കെ കണ്ടാല്‍ മൂത്രമൊഴിക്കുന്ന സ്വഭാവം നായകള്‍ക്കുണ്ട്. അനങ്ങാതിരുന്ന യുവാവിനെ തെറ്റിദ്ധരിച്ചാകാം നായ മൂത്രമൊഴിച്ചത്. എന്തായാലും മൂത്രത്തിന്റെ നനവറിഞ്ഞ യുവാവ് പെട്ടെന്നു തന്നെ ചാടിയെഴുന്നേറ്റ് നായയെ തൊഴിക്കാനൊരുങ്ങുന്നതും വീഡിയോയില്‍ കാണാം. സമീപത്തെ കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം വൈറലായത്.

കോടിക്കണക്കിനു ജനങ്ങളാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. സാധാരണപോലെ ഈ ദൃശ്യങ്ങളിലെ യുവാവിന്റെ ചെയ്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ രംഗത്തെത്തി. മൂത്രമൊഴിച്ച നായയേക്കാള്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് നായയെ തൊഴിച്ച യുവാവാണ്. എന്നാല്‍ പിന്നീട് ഇരുവര്‍ക്കും എന്തു സംഭവിച്ചു എന്നറിയുമ്പോഴാണ് എല്ലാവരും മൂക്കത്തു വിരല്‍ വെക്കുന്നത്.

ഹെയ്ന്‍സ് സാഞ്ചസ് എന്ന 27കാരനായിരുന്നു ആ ദൗര്‍ഭാഗ്യവാന്‍. ലോകത്തിനു മുമ്പില്‍ പരിഹാസ്യനായ ആ യുവാവ് മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ സംഭവം മറന്നു കളയാനല്ല ശ്രമിച്ചത്. കഥാനായകനായ നായയെ കണ്ടെത്താനായിരുന്നു സാഞ്ചസിന്റെ പിന്നീടുള്ള ശ്രമം. നായ യ്ക്ക് ഉടമസ്ഥനുണ്ടോയെന്നാണ് ആദ്യം അന്വേഷിച്ചത്. അവനൊരു തെരുവുനായയാണെന്ന് മനസിലായപ്പോള്‍ അവനെ കണ്ടെത്താനായി പിന്നീടുള്ള ശ്രമം. കുറച്ചു സമയത്തെ അന്വേഷണത്തിനു ശേഷം അവനെ കണ്ടെത്തി. സാഞ്ചസ് വിളിച്ചപ്പോള്‍ തന്നെ നായ വാലാട്ടിക്കൊണ്ട് അടുത്തെത്തി. കുറച്ചു സമയം രണ്ടുപേരും അവിടെയിരുന്ന് കളിച്ചു. തുടര്‍ന്ന് നായയെ വീട്ടിലേക്ക് കൊണ്ടുപോകാനും സാഞ്ചസ് തീരുമാനിച്ചു. നായയ്ക്കും സാഞ്ചെസിനൊപ്പം പോകാന്‍ മടിയുണ്ടായിരുന്നില്ല. സാഞ്ചെസ് വിളിച്ചപ്പോള്‍ തന്നെ നായയും ഒപ്പം കൂടി.

നായ പിന്നില്‍ വന്നു മൂത്രമൊഴിച്ചപ്പോള്‍ തൊഴിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്താലാണെന്നും ആ ദേഷ്യം അപ്പോള്‍ തന്നെ മാറിയിരുന്നുവെന്നും സാഞ്ചെസ് പറഞ്ഞു. തൊട്ടടുത്ത നിമിഷം മുന്നിലെത്തിയ മറ്റൊരു നായയോട് നിന്റെ കൂട്ടുകാരന്‍ തന്ന പണികണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നെന്നും സാഞ്ചെസ് വ്യക്തമാക്കി.
എന്തായാലും എന്‍സോ എന്നാണ് തന്റെ നായയ്ക്ക് സാഞ്ചെസ് നല്‍കിയിരിക്കുന്ന പേര്. തനിക്കൊരു കുട്ടിയുണ്ടായാല്‍ ഇടാന്‍ വച്ചിരുന്ന പേരാണ് സാഞ്ചെസ് സ്‌നേഹപൂര്‍വം നായയ്ക്കു നല്‍കിയത്. സ്‌നേഹവും അനുസരണയും വിധേയത്വവുമുള്ള മികച്ച നായയാണ് എന്‍സോയെന്നാണ് സാഞ്ചെസിന്റെ അഭിപ്രായം. ഇപ്പോള്‍ സാഞ്ചെസ് എവിടെപ്പോയാലും എന്‍സോയും ഒപ്പമുണ്ടാകും. സംഭവം അറിഞ്ഞതോടെ മുമ്പു തെറിവിളിച്ചവര്‍ വരെ ഇപ്പോള്‍ സാഞ്ചസിനെ അഭിനന്ദിക്കുകയാണ്.

Related posts