ബെയ്ജിംഗ്: കാമുകിയെ വിവാഹം ചെയ്യാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും അയാളുടെ കാമുകിയെയും വധശിക്ഷക്കു വിധേയരാക്കി. വിഷം കുത്തിവച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. 2020 നവംബറിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിലാണു കേസിനാസ്പദമായ സംഭവം.
ഭാര്യയുമായി പിണങ്ങി രണ്ടു വയസുള്ള മകളോടും ഒരു വയസുള്ള മകനോടുമൊപ്പമാണു യുവാവ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പമാകുന്നത്. വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി അടുത്തത്.
പിന്നീടു സത്യം തിരിച്ചറിഞ്ഞെങ്കിലും യുവതി അയാളെ വിട്ടുപോയില്ല. ആദ്യമൊന്നും കുട്ടികളോടു വെറുപ്പു പ്രകടിപ്പിക്കാതിരുന്ന യുവതി പിന്നീടു കുട്ടികളെ ഒഴിവാക്കണമെന്നു കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടികൾ തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കുമെന്നും യുവതി കാമുകനോടു പറഞ്ഞു.
യുവതി തന്റെ നിലപാടിൽനിന്നു പിൻമാറാൻ തയാറാകത്തതുകൊണ്ടു കാമുകൻ കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് അയാൾ താമസിക്കുന്ന പതിനഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിൽനിന്ന് കുഞ്ഞുങ്ങളെ താഴോട്ടെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
കുട്ടികൾ താഴെ വീണപ്പോള്‍ താൻ ഉറങ്ങുകയായിരുന്നുവെന്നും ആളുകളുടെ ബഹളം കേട്ടാണ് ഉണർന്നതെന്നുമാണു യുവാവ് പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളും കാമുകിയുമാണു കുട്ടികളെ കൊന്നതെന്നു തെളിഞ്ഞു.