കൂടുതല്‍ കാലം ജീവിക്കണമെന്നാണ് ആഗ്രഹം, ദയവുചെയ്ത് പ്രായത്തില്‍ നിന്ന് 20 വയസ് കുറച്ചു തരണം! വിചിത്ര ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചതിനുള്ള കാരണമായി അറുപത്തൊമ്പതുകാരന്‍ പറയുന്നതിങ്ങനെ

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുന്നവര്‍ക്ക് ജീവിതം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് തോന്നുക സ്വാഭാവികമാണ്. ജീവിതകാലം കുറച്ചുകൂടി നീട്ടിക്കിട്ടിയിരുന്നെങ്കിലെന്നും അവര്‍ ചിന്തിച്ചേക്കാം. എന്നാല്‍ നെതര്‍ലന്‍ഡിലെ ഹേഗിലുള്ള ഈ 69 വയസുകാരന്റെ ആഗ്രഹം കുറച്ച് കൂടുപ്പോയില്ലേ എന്നാണ് പലരും ചോദിക്കുന്നത്.

കൂടുതല്‍ കാലം തനിക്ക് ജീവിക്കണം, അതിനുവേണ്ടി തന്റെ പ്രായത്തില്‍ നിന്ന് 20 വര്‍ഷം കുറച്ച് തരണമെന്നാണ് ഹര്‍ജിയിലൂടെ ഇദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എമിലേ റാറ്റല്‍ബന്‍ഡ് എന്ന ‘ലൈഫ് കോച്ച്’ ന്റെ ഈ ആവശ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. തന്റെ ജനനത്തീയ്യതി 1949 മാര്‍ച്ച് 11 ല്‍ നിന്ന് 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്ന ന്യായമായ ആവശ്യം മാത്രമേ എമിലേക്ക് ഉള്ളു.

ഒരാള്‍ക്ക് തന്റെ പേരും രാഷ്ട്രീയവും തീരുമാനിക്കാം എന്തിന് സ്വന്തം ലിംഗമാറ്റം പോലും നടത്താം. പിന്നെ എന്തുകൊണ്ട് സ്വന്തം ജനനത്തിയ്യതി മാത്രം മാറ്റാന്‍ കഴിയില്ല എന്ന എമിലെയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ആര്‍ക്കും തോന്നിപ്പോകും.

ആര്‍ണ്‍ഹെം നഗരത്തിലെ കോടതി ഈ കേസില്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കും. എന്നാല്‍ ആ നഗരത്തിലെ അധികൃതര്‍ ആകെ സംശയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജനനത്തിയതി മാറ്റാന്‍ നിലവില്‍ നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ എമിലേയുടെ ഹര്‍ജി തള്ളാനാണ് സാധ്യതയെന്നാണ് ഇവരുടെ പക്ഷം.

തന്റെ വയസ്സ് കാരണം താന്‍ പലതരത്തിലുള്ള വിവേചനം അനുഭവിക്കുന്നതായാണ് എമിലേയുടെ വാദം. തന്റെ ജോലി സാധ്യതയെയും ‘ടിന്‍ഡര്‍’ ഡേറ്റിങ് ആപ്പിലെ തന്റെ അവസരങ്ങളെയും തന്റെ വയസ്സ് ബാധിക്കുന്നു.

‘എനിക്ക് 69 വയസ്സുള്ളപ്പോള്‍ എന്റെ ജീവിതം പരിമിതപ്പെടുന്നു. എന്നാല്‍ എനിക്ക് 49 വയസ്സാണെങ്കില്‍ എനിക്ക് പുതിയ വീട് വാങ്ങാം. പുതിയ കാറുകള്‍ വങ്ങാം. കൂടുതല്‍ ജോലി ചെയ്യാം.’ – എമിലേ പറയുന്നു.

താന്‍ ടിന്‍ഡര്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ ആപ്പ് പറയുന്നു തനിക്ക് 69 വയസ്സ് ആയി എന്ന്. അപ്പോള്‍ എനിക്ക് ഒരു മറുപടികളും കിട്ടുന്നില്ല. എന്നാല്‍ എന്റെ ഇപ്പോഴത്തെ മുഖവും 49 എന്ന വയസ്സുമാകുമ്പോള്‍ ഞാനൊരു ഉയര്‍ന്ന സ്ഥാനത്ത് എത്തും.

തന്റെ ഡോക്ടര്‍മാര്‍ പോലും പറയുന്നത് തനിക്ക് ഒരു 45കാരന്റെ ശരീരമാണ് ഇപ്പോള്‍ ഉള്ളത് എന്നാണ്. അതിനാലാണ് താന്‍ തന്നെ ‘യങ്ങ് ഗോഡ്’ എന്ന് വിളിക്കുന്നതെന്നും എമിലേ വ്യക്തമാക്കി. തന്റെ പ്രായം 49 ആക്കി തന്നാല്‍ തന്റെ പെന്‍ഷന്‍ തിരിച്ച് നല്‍കാമെന്നും ഇദ്ദേഹം പറയുന്നു.

Related posts