കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വില്പനയ്ക്ക് എന്ന വ്യാജ പരസ്യം നല്കി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കല്ലൂര്‍ക്കളം വടക്കേട്ട് അമല്‍ ചന്ദ്രനെ (23) യാണു കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തായ സുധിന്‍ സുരേഷും ചേര്‍ന്ന് 2022ല്‍ ഫേസ്ബുക്കിലൂടെ മാര്‍ക്കറ്റ്പ്ലേസ് എന്ന ഓണ്‍ലൈന്‍ വാഹന വില്പന സൈറ്റില്‍ തന്റെ ഓട്ടോറിക്ഷ വില്പനയ്ക്ക് എന്ന പേരില്‍ വ്യാജ പരസ്യം നല്കി എറണാകുളം ചിറ്റൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് 2,11,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
പരസ്യം കണ്ട് ചിറ്റൂര്‍ സ്വദേശിയായ യുവാവ് സുധിന്‍ സുരേഷിനെ ബന്ധപ്പെടുകയും പണവുമായി യുവാവിനോട് കടുത്തുരുത്തിയില്‍ എത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു.
യുവാവ് പണവുമായി കടത്തുരുത്തിയില് എത്തിയ സമയം സുധിനു പകരം അമല്‍ ചന്ദ്രന് എത്തി വാഹനം നല്കി ആര്‍സി ലെറ്റര്‍ രണ്ട് ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് പറഞ്ഞ് പണവുമായി കടന്നു കളയുകയായിരുന്നു.