അതിരമ്പുഴ: കോട്ടയം അതിരമ്പുഴ സ്വദേശിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. അതിരമ്പുഴ കാട്ടുപ്പാറയിൽ ഷൈമോൾ സേവ്യർ (24) ചൊവ്വാഴ്ച രാവിലെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചത്.
അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തു കുന്നേൽ അനിൽ വർക്കിയുടെ ഭാര്യയാണ് ഷൈമോൾ. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അനിൽ വർക്കിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
നെഞ്ചുവേദനയെത്തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ ഫോണിൽ അറിയിക്കുകയായിരുന്നുവെന്ന് ഷൈമോളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. ആശുപ്രതിയിൽ എത്തിയപ്പോഴാണ് മകൾ മരിച്ചതായി അറിയുന്നത്.
മകളെ അപായപ്പെടുത്തിയെന്ന സംശയത്തിൽ മാതാവ് ഷീല ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി മകൾ പറഞ്ഞിരുന്നുവെന്നും ഷീല പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ഷൈമോൾ കഴിഞ്ഞ ഞായറാഴ്ച സ്വന്തം വീട്ടിൽ എത്തിയിരുന്നു. തുടർന്ന് ഷൈമോളുടെ അമ്മയും ബന്ധുക്കളും ഭർതൃവീട്ടിലെത്തി സംസാരിച്ചു. ഇനി തങ്ങളുടെ ഭാഗത്തുനിന്നു യാതൊരു ഉപദ്രവവും ഉണ്ടാകില്ലെന്ന് അവർ ഉറപ്പു നൽകിയതോടെ ഷൈമോൾ തിരികെ ഭർതൃവീട്ടിലെത്തുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഷൈമോൾ അമ്മയെ വിളിച്ച് വീണ്ടും പരാതി പറഞ്ഞു. വീട്ടിലേക്കു പോരാൻ അമ്മ പറയുമ്പോഴേക്കും പെട്ടെന്നു ഫോൺ കട്ടാക്കിയെന്ന് ഷൈമോളുടെ സഹോദരന്മാർ പറഞ്ഞു. ഷൈമോളുടെ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ നാലു പേർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഭർതൃവീട്ടിൽ ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി. ഷൈമോളുടെ വീട്ടിലെത്തിയ പോലീസ് സംഘം അമ്മ ഷീലയുടെയും സഹോദരന്മാരുടെയും മൊഴി രേഖപ്പെടുത്തി.
നാലു വർഷം മുമ്പായിരുന്നു ഷൈമോളുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഭർത്താവ് അനിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. രണ്ടു വയസുള്ള കുട്ടിയുണ്ട്.
പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ നടന്ന തർക്കത്തിനൊടുവിൽ മൃതദേഹം ഷൈമോളുടെ കുടുംബത്തിനു വിട്ടുനൽകുകയായിരുന്നു. ഇന്നലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.