കോട്ടയം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
അയര്‍ക്കുന്നം തെക്കേടത്ത് ബിജു ഏബ്രഹാമിനെ (ബിജു തെക്കേടം, 52) യാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാവിലെ ഒമ്പതിന് അയര്‍ക്കുന്നം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി ഒപി ആരംഭിച്ചിട്ടില്ലെന്നുപറഞ്ഞ് ബഹളം വയ്ക്കുകയും ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ഇവരുടെ വീഡിയോ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു.
ഇയാള്‍ ബഹളം വയ്ക്കുന്നതായി അറിഞ്ഞ് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.