അടിമാലി: പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഹൃദ്രോഗിയായ പോസ്റ്റ്മാനില്‍നിന്നു പണം തട്ടിയ യുവാവ് പിടിയിലായി. വക്കീല്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ഇയാളുടെ കൂട്ടുപ്രതിയായ യുവതി ഒളിവിലാണ്. കല്ലാര്‍കുട്ടി പോസ്റ്റ് ഓഫീസ് ജീവനക്കാരനായ കമ്പിളികണ്ടം ഇടയ്ക്കാട്ട് കുര്യാച്ചനില്‍നിന്ന് 75,000 രൂപ തട്ടിയെടുത്ത പടിക്കപ്പ് ചവറ്റുകുഴി
ഷൈജനാ(40)ണ് അറസ്റ്റിലായത്. കത്തിപ്പാറയില്‍ താമസിക്കുന്ന ലതയെന്ന യുവതിയെ പീഡിപ്പിച്ചെന്നു പരാതി ലഭിച്ചതായി അറിയിച്ച് ഈ മാസം ആദ്യം കുര്യാക്കോസിനെ ഷൈജന്‍ ഫോണില്‍ വിളിച്ചു. ലതയുടെ അഭിഭാഷകന്‍ ഫ്രാന്‍സിസ് ജോര്‍ജെന്നു പരിചയപ്പെടുത്തിയാണു വിളിച്ചത്.
എന്നാല്‍ അങ്ങനെയൊരു സംഭവം അറിയില്ലെന്ന് കുര്യാക്കോസ് തീര്‍ത്തുപറഞ്ഞെങ്കിലും പീഡനക്കേസില്‍ പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടിവരുമെന്നും യുവതിക്കു പണം നല്‍കി പ്രശ്‌നം പരിഹരിക്കാമെന്നും ഇയാള്‍ അറിയിച്ചു. ഒന്നേകാല്‍ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നും അതില്‍ 75,000 ആദ്യം നല്‍കണമെന്നും പറഞ്ഞു. മാനഹാനി ഭയന്ന് കുര്യാക്കോസ് ഇതംഗീകരിക്കുകയായിരുന്നു. മകളുടെ മാല പണയം വച്ച് 50,000 രൂപ കഴിഞ്ഞ ഏഴിന് അടിമാലിയിലെ മെഡിക്കല്‍ ഷോപ്പില്‍ ഏല്‍പിച്ച് ഇയാള്‍ക്കു കൈമാറി. 25,000 രൂപ കഴിഞ്ഞ 10ന് ഇരുമ്പുപാലത്തെ മത്സ്യവ്യാപാരസ്ഥാപനത്തില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം.
വക്കീലിന്റേതെന്നു പറഞ്ഞ് നല്‍കിയ ഫോണ്‍ നമ്പറില്‍ മത്സ്യവ്യാപാരി വിളിച്ചപ്പോഴാണ് നാട്ടുകാരനായ ഷൈജന്റെ ശബ്ദം തിരിച്ചറിഞ്ഞത്. ഇതോടെ കുര്യാക്കോസ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സ്ഥിരം തട്ടിപ്പുകാരാണെന്ന വിവരം ലഭിച്ചു. ഇതിനിടെ യുവതിയും പരാതിയുമായി സ്‌റ്റേഷനിലെത്തി. ഇന്നലെ ഉച്ചയോടെ ഇരുമ്പുപാലത്തുനിന്നു ഷൈജനെ എസ്.ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇതേ തട്ടിപ്പ് ഉപയോഗിച്ച് പലരില്‍ നിന്നും പണം പിടുങ്ങിയിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചു.