പോലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ വിളിച്ചയാൾ അറസ്റ്റിൽ. മകന്റെ അമിത ഗൃഹപാഠത്തെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ച് പിതാവാണ് അറസ്റ്റിലായത്. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. ആദം സൈസ്മോർ19 തവണ പോലീസ് സ്റ്റേഷനിലേക്ക് നിർത്താതെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ക്രാമർ എലിമെന്ററി സ്കൂളിലാണ് ഇയാളുടെ മകൻ പഠിക്കുന്നത്. സ്കൂളിൽ നിന്ന് നൽകുന്ന ഗൃഹപാഠം അമിതമാണെന്നാണ് ഇയാളുടെ പരാതി. തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ നിരവധി തവണ ഇയാൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ പോലീസ് സ്റ്റേഷനിലേക്കും ഇയാൾ വിളിക്കാൻ തുടങ്ങി.
ഇയാളുടെ നിരന്തരമായ ഫോൺ വിളിക്ക് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദർശിച്ചെങ്കിലും സൈസ്മോർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. തുടർന്ന് സ്കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്കൂളിലേക്ക് നിരന്തരമായി ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചത്.
പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ സൈസ്മോർ നിഷേധിക്കുകയും അവയിൽ പലതും ശരിയല്ലെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ ഇയാൾക്ക് 1,000 ഡോളർ (ഏകദേശം 83,000 രൂപ) പിഴയും ഓരോ കേസിനും ആറുമാസം വരെ തടവും ലഭിക്കും.