പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടിിന്റെ പലഭാഗങ്ങളില്‍ ഒളികാമറ വച്ച വീട്ടുടമസ്ഥന്‍ ഒടുവില്‍ കുടുങ്ങി. കുളിമുറിയിലും കിടപ്പു മുറിയിലുമടക്കം വീടിന്റെ പലഭാഗങ്ങളിലായി ആറു കാമറകളാണ് ഇയാള്‍ സ്ഥാപിച്ചിരുന്നത്. സമ്പത്ത് രാജ് (48) എന്നയാളാണ് അറസ്റ്റിലായത്. വീട്ടില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കുളിമുറിയിലടക്കം സ്ഥാപിച്ചിരുന്ന ഒളിക്യാമറകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് ഇയാള്‍ വാടകക്ക് നല്‍കിയിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുളിമുറിയിലെ സ്വിച്ച് ബോര്‍ഡില്‍ ഹെയര്‍ ഡ്രൈയര്‍ പ്ലഗ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ നടത്തിയ പരിശോധനയിലാണ് സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒളികാമറ കണ്ടെടുത്തത്. തുടര്‍ന്ന് ഒളികാാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല സ്ഥലങ്ങളിലായി സ്ഥാപിച്ച കാമറകള്‍ യുവതികള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇവര്‍ സമ്പത്തിനെ സംശയമുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി.
സമ്പത്ത് ഇടയ്ക്ക് വീട് പരിശോധിക്കുന്നതിനായി വരാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. തനിക്ക് ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നതിന് വേണ്ടി ദിശ മാറ്റിവയ്ക്കാനായിരുന്നു ഇയാള്‍ ഇടക്ക് ഇവിടെ എത്തിയിരുന്നത്. സമ്പത്തിന്റെ പക്കല്‍ നിന്ന് 16 മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. കിടപ്പുമുറിയില്‍നിന്നും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നുമായി രണ്ട് കാമറകള്‍ വീതവും കര്‍ട്ടന് പുറകില്‍നിന്നും കുളിമുറിയില്‍നിന്നും ഓരോ കാമറ വീതവുമാണ് പൊലീസ് കണ്ടെടുത്തത്. വീട്ടില്‍ പണികള്‍ ചെയ്യാനുണ്ടെന്ന വ്യാജേനയാണ് ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സമ്പത്ത് ഇതുവരെയും ഒന്നും തന്നെ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് പൊലീസ് കൂട്ടിചേര്‍ത്തു.