ഭാര്യയെ കാണാനില്ലെന്ന് യുവാവ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവിച്ചത് വന്‍ ട്വിസ്റ്റ്. സാമ്പത്തിക തട്ടിപ്പുകേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ (28) ആണ് അറസ്റ്റിലായത്.
തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
യുവാവിന്റെ പരാതി ഗൗരവമായെടുത്ത് കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസിന് നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയെ പൊക്കാന്‍ സാധിച്ചത്.
ഷിനോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഹീനയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
തുടര്‍ന്ന് എസ്ഐ. ശ്രീജിത്തും എഎസ്‌ഐ. ഷിജു പി.സാമും അന്വേഷിച്ച് ആര്യങ്കാവിലെത്തിയപ്പോള്‍ യുവതി ഫോണ്‍ തിരുവനന്തപുരത്ത് ഓണ്‍ ചെയ്തതായി വിവരം ലഭിച്ചു.
കേരളത്തില്‍നിന്നുള്ള അതിഥിതൊഴിലാളികളെ കൊണ്ടുപോകുന്ന തിരുവനന്തപുരം-മുംബൈ ട്രെയിനില്‍ യാത്ര ചെയ്യുന്നതായും വിവരം കിട്ടി. പക്ഷേ, പൊലീസ് തിരുവനന്തപുരത്ത് എത്തിയെങ്കിലും ട്രെയിന്‍ വിട്ടു പോയിരുന്നു.
പിന്നീട് പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തു വെച്ച യുവതിയെ റെയില്‍വേ പോലീസ് കണ്ടെത്തി. തുടര്‍ന്ന അടൂര്‍ പൊലീസ് യുവതിയുടെ ഭര്‍ത്താവിനൊപ്പം എറണാകുളത്തെത്തി.
മഹാരാഷ്ട്രയിലുള്ള സഹോദരനാണ് ട്രെയിന്‍ ടിക്കറ്റെടുത്തതെന്നും ഇത് വാട്‌സാപ്പില്‍ അയച്ചുതന്നാണ് യാത്രചെയ്തതെന്നും യുവതി പറഞ്ഞു.
യുവതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്, പരാതിക്കാരനായ ഷിനോ തട്ടിപ്പുകേസിലെ പ്രതിയാണെന്നും ഇലവുംതിട്ട സ്റ്റേഷനില്‍ കേസുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുന്നത്.
ഭര്‍ത്താവിനെ കുറിച്ചുള്ള പരാതി പറഞ്ഞ ഭാര്യ തന്നെയാണ് ഇതേക്കുറിച്ചു പറഞ്ഞത്.
ക്രൊയേഷ്യയില്‍ നഴ്സ് ജോലി വാഗ്ദാനംചെയ്ത് മാത്തൂര്‍ സ്വദേശിനി രജനി ഉള്‍പ്പെടെ മൂന്ന് യുവതികളില്‍നിന്ന് ഏഴുലക്ഷംരൂപ ഷിനോ തട്ടിയെടുത്തെന്നായിരുന്നു കേസ്.
മാത്തൂര്‍ സ്വദേശി രജനിയും മറ്റുമൂന്ന് യുവതികളുമാണ് പരാതിക്കാര്‍. തുടര്‍ന്ന്, ഇലവുംതിട്ട പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് റിമാന്‍ഡുചെയ്തു. അങ്ങനെ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണ അവസ്ഥയിലായിരിക്കുകയാണ് ഈ യുവാവ്.