കാസര്‍ഗോഡ് കുമ്പളയിലെ ആളില്ലാത്ത വീട്ടില്‍നിന്ന് ആഡംബരക്കാറും വാച്ചും സ്വര്‍ണവും കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘാംഗം പിടിയില്‍.
മഹാരാഷ്ട്ര താന യശോദ നഗറിലെ ബാലനാരായണ കുബലി (52)നെയാണ് കാസര്‍ഗോഡ് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന് നായരും കുമ്പള ഇന്‍സ്പെക്ടര്‍ പി.പ്രമോദും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
സംഘം മോഷ്ടിച്ച ടൊയോട്ടയുടെ ആഡംബരകാര്‍ മഹാരാഷ്ട്രയില്‍നിന്ന് കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പര്‍ മാറ്റിയിരുന്നു.
കുമ്പള സോങ്കാലിലെ ജി.എം.അബ്ദുള്ളയുടെ വീട്ടില്‍ ജനുവരി 14-ന് രാത്രിയിലായിരുന്നു മോഷണം. കേസില്‍ രണ്ടുപേരെ മാര്‍ച്ച് ഒന്‍പതിന് അറസ്റ്റ് ചെയ്തിരുന്നു.
ഉപ്പള ഭഗവതി ഗേറ്റിനുസമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ വീട്ടില്‍ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
കവര്‍ച്ചക്കാരായ ആറുപേര്‍ കാറിലാണ് മോഷണത്തിനെത്തിയത്. പ്രതികള്‍ കവര്‍ന്ന കാറും മറ്റൊരു കാറും കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
അതും മൊബൈല്‍ ടവര്‍ ലൊക്കേഷനും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
നിതിന്കുമാറില്നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാലനാരായണയുടെ അറസ്റ്റ്.
സംഘത്തില്‍പ്പെട്ട മഹാരാഷ്ട്ര പടിഞ്ഞാറന്‍ മുംബൈയിലെ ചന്ദ്രകാന്ത (42), കര്‍ണാടക ഉഡുപ്പിയിലെ രക്ഷക് (26), മാണ്ഡ്യയിലെ ആനന്ദ (27) എന്നിവര്‍ പാലക്കാട് മണ്ണാര്‍ക്കാട്ട് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
ഇതിലൊരാളുടെ മൊബൈല്‍ ഫോണില്‍ കാറിന്റെ ചിത്രം കണ്ടപ്പോഴാണ് സോങ്കാലിലെ കേസില്‍ തുമ്പായത്.
വീട്ടില്‍നിന്ന് മോഷ്ടിച്ച റോളക്സ് വാച്ച് വാഹനത്തില്‍നിന്ന് പോലീസിന് കിട്ടി. സംഘത്തിലെ ബാക്കി മൂന്നുപേരെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.