പത്തനംതിട്ട: സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവറുകളിലെ ഏര്‍ത്ത് ചെമ്പ്് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാളെ കൂടല്‍ പോലീസ് പിടികൂടി. യൂണിടെക് എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കൂടല്‍, അതിരുങ്കല്‍, കാരയ്ക്കാകുഴി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടവറുകളില്‍ നിന്നാണ് ഇവ മോഷ്ടിച്ചത്.
19,175 രൂപയുടെ ചെമ്പ് കേബിളുകളാണ് മോഷ്ടിച്ചത്. കലഞ്ഞൂര്‍ കൊട്ടന്തറ ഇടിഞ്ഞകുഴി വിജയഭവനം വീട്ടില്‍ ശ്രീകാന്താണ് (24) കൂടല്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം രണ്ടിനും 20 നുമിടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്. രണ്ടു കുട്ടികളുടെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സ്ഥാപനത്തില്‍ ടെക്നിഷനായി ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ പന്നിയങ്കര പന്തലാമ്പാടം നിയാസിന്റെ പരാതിപ്രകാരമാണ് കൂടല്‍ പോലീസ് കേസെടുത്തത്. കൂടലില്‍ നിന്ന് ഇന്നലെ വൈകുന്നേരമാണ് ശ്രീകാന്തിനെ പിടികൂടിയത്.
പത്തനാപുരത്തെ ആക്രിക്കടയില്‍ മോഷ്ടിച്ച കേബിളുകള്‍ വിറ്റതായി ഇയാള്‍ വെളിപ്പെടുത്തി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കടയുടമയെ വിവരം ധരിപ്പിക്കുകയും ഇയാള്‍ ഇവ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. ചെമ്പു കേബിളുകള്‍ മാറ്റിയശേഷമുള്ള അലുമിനിയം കവറിംഗുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരുകുട്ടിയുടെ വീട്ടില്‍ നിന്നു പിന്നീട് പോലീസ് കണ്ടെടുത്തു.
കുട്ടികളെ രണ്ടുപേരെയും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. ആക്രിക്കടയില്‍ വിറ്റപ്പോള്‍ കിട്ടിയ തുക മൂവരും പങ്കിട്ടെടുത്തതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.