ചുങ്കപ്പാറ: ബന്ധുവിനെ തോക്ക് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡിലായി. ചുങ്കപ്പാറ മണ്ണില്‍പടി മണ്ണില്‍ പുത്തന്‍വീട്ടില്‍ റോബിന് കോശി(42) യാണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി ബന്ധുവായ കോശി തോമസിനെ കാറില്‍ പിന്തുടര്ന്ന് തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും നാടന്‍ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയുമായിരുന്നു.
വെടിയുടെ ഒച്ച കേട്ട നാട്ടുകാര്‍ ഓടിക്കൂടി വിവരം അറിയിച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തയ പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എം. ആര്. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണിമോന്‍ ജോസഫ്, വിജയന്, രാം പ്രകാശ് എന്നിവര്‍ സമീപസ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തി തോക്ക് കണ്ടെടുത്തു.
ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് ആണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന്, റോബിന് കോശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ആറു തിരകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഫോറന്‍സിക് ടീമിന്റെ സഹായത്തോടെ തെളിവ് ശേഖരിക്കുകയും, വീട്ടില്‍ കൂടുതല്‍ പരിശോധന നടത്തുകയും ചെയ്തു.
ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുമായി സഹകരിച്ചുവന്നവരെയും മറ്റും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു.
കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.