കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ പോലീസ് പിടിയിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. ഇയാൾ രണ്ട് വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ്.
ഫാമിൽ ജോലി ചെയ്യാനെന്ന പേരിൽ പരിസരത്തുള്ള കുട്ടികളെ ഇയാൾ വിളിച്ചു വരുത്തും. തുടർന്ന് ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകും. രാത്രിയിലും ഫാമിൽ തങ്ങാൻ നിർബന്ധിച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്.
തുടർന്ന് പീഡന ദൃശ്യങ്ങൾ ബൈജു ഫോണിൽ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിനെ തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ സമീപിക്കുകയായിരുന്നു.
പിന്നാലെ കൗൺസിലിംഗിൽ പീഡന വിവരം പുറത്തു വരികയും ചെയ്തു. ഇയാൾ 2022 മുതൽ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് മൂന്ന് കുട്ടികളുടെ പരാതിയിൽ ബൈജുവിനെതിരെ പോലീസ് മൂന്ന് കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ ബൈജുവിനെ പോലീസ് പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.