പാലക്കാട്: നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസായ കുഞ്ഞിന് നേരേ 77 കാരന്റെ ലൈംഗികാതിക്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ പ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നതെന്ന് പോലീസ് പറയുന്നത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ 77കാരനെ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈംഗിക പീഡനത്തിനിരയായ മൂന്നു വയസുകാരി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തുവരികയാണ്.
ഇയാൾക്കെതിരേ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.