ഇതരസംസ്ഥാനത്തൊഴിലാളികളുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന് ജീവിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍.
പൂനൂര് പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന് (23) ആണ് താമരശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം അറസ്റ്റിലായത്.
കവര്‍ച്ച നടത്താനുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഹമ്മദിനെ പിടികൂടിയത്.
സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷന് എസ്.ഐ.മാരായ വി.എസ്. ശ്രീജിത്ത്, വി.കെ. റസാഖ്, എ. ശ്രീകുമാര്‍, എസ്.സി.പി.ഒ.മാരായ പി.പി. ഷിനോജ്, പി.കെ. ലിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
താമരശ്ശേരി, കൊടുവള്ളി, പൂനൂര്, ഓമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഇതരസംസ്ഥാനത്തൊഴിലാളികളെ മുഹമ്മദ് കവര്‍ച്ചയ്ക്കിരയാക്കിയതായി പോലീസ് പറഞ്ഞു.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി പത്തോളം ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡിലായിരുന്ന മുഹമ്മദ് ജാമ്യത്തിലിറങ്ങിയതിനു ശേഷമായിരുന്നു പുതിയ ബിസിനസ് ആരംഭിച്ചത്.
ഇതരസംസ്ഥാനത്തൊഴിലാളികള്‍ കൂടുന്ന ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും മറ്റുമെത്തി ജോലിയുണ്ടെന്നുപറഞ്ഞാണ് മുഹമ്മദ് സഫ്വാന് ഇവരെ സമീപിച്ചിരുന്നത്.
ജോലിക്കെന്നുപറഞ്ഞ് ഇവരെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുന്‍കൂട്ടി കണ്ടുവെച്ച ഏതെങ്കിലും നിര്‍മാണത്തിലിരിക്കുന്ന ആളില്ലാത്ത കെട്ടിടത്തിലെത്തിക്കും.
എന്തെങ്കിലും ജോലി ഏല്‍പ്പിച്ച ശേഷം അയാളുടെ പക്കല്‍നിന്നോ അഴിച്ചുവെക്കുന്ന ഷര്‍ട്ടില്‍നിന്നോ തന്ത്രപൂര്‍വം മൊബൈലും പണവും അപഹരിച്ച് മുങ്ങുന്നതാണ് മുഹമ്മദിന്റെ രീതി.
ഇതരസംസ്ഥാനത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പാലക്കാട് രജിസ്ട്രേഷനുള്ള ബൈക്ക്, കവര്‍ച്ച നടത്തിയയാള്‍ ഉപയോഗിച്ചതായി കണ്ടെത്തുകയും അന്വേണത്തില്‍ ഈ ബൈക്ക് പാലക്കാട്ടുനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമാവുകയും ചെയ്തു.
പിന്നീട് ബൈക്ക് മോഷ്ടാക്കളുടെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് പിടിയിലാവുന്നത്.
ഇതരസംസ്ഥാനത്തൊഴിലാളികളില്നിന്ന് കവര്‍ന്ന മൊബൈല്‍ഫോണുകള്‍ പൂനൂരിലെ മൊബൈല്‍ഷോപ്പുകളില്‍ വില്‍പ്പന നടത്തിയെന്ന് പ്രതി മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.