തിരുവനന്തപുരം: വിസ നൽകാമെന്ന് കബളിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത പാലക്കാട് സ്വദേശി അറസ്റ്റിൽ.
പാലക്കാട് സ്വദേശിയായ ശ്രീക്കുട്ടനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ സ്വദേശികളായ യുവാക്കൾക്ക് വ്യാജ വിസയും എയർടിക്കറ്റും നൽകി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.
വിവിധ സ്ഥലങ്ങളിലെ 29 ൽപരം ആൾക്കാർക്ക് മലേഷ്യയിലേക്ക് പോകാനുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.
വർക്കല ഡിവൈഎസ്പി. മാർട്ടിന്റെ നിർദേശാനുസരണം കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.