രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്ത 43കാരൻ അറസ്റ്റിൽ.
വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. 2015 മുതൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നായി പ്രതി 20 ലധികം സ്ത്രീകളെ വിവാഹം ചെയ്തെന്നു പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ സോപാര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഫിറോസ് നിയാസ് ഷെയ്ഖിനെ താനെ ജില്ലയിലെ കല്യാണിൽനിന്നാണു പിടികൂടിയത്. മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്.
തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് തന്നിൽനിന്ന് 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഷെയ്ഖ് കൈക്കലാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു.
പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ചെക്ക്ബുക്കുകൾ, ആഭരണങ്ങൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.