‘ദി കേരള സ്റ്റോറി’ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നല്ല അഭിപ്രായം പങ്കുവച്ച യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി.
വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ റിവ്യൂ പങ്കുവയ്ക്കുകയും യുവതികളോട് സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജസ്ഥാന് സ്വദേശിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിശ്വഹിന്ദു പരിഷത്തിലെ അംഗമാണ് ഇയാള്‍.
സംഭവത്തിന് പിന്നാലെ മൂന്നുപേര്ക്കെതിലെ മര്‍ദ്ദനമേറ്റയാള്‍ രാജസ്ഥാനിലെ മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ശനിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങവേ മൂന്ന് പേര് തടഞ്ഞുനിര്‍ത്തുകയും തങ്ങളുടെ സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവാവ് പോലീസില്‍ പറഞ്ഞത്.
മര്‍ദ്ദനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ഹിന്ദി സിനിമയായ ‘ദി കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്.
കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ മതം മാറി ഇസ്ളാം മതം സ്വീകരിച്ചുവെന്നും ഭീകരസംഘടനയായ ഐസിസിലേയ്ക്ക് ചേര്ന്നുവെന്നുമെന്ന ടാഗ്ലൈനോടെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പിന്നീട് 32,000 അല്ല മൂന്ന് എന്ന് തിരുത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളും അടക്കം ചിത്രത്തെ തള്ളിപ്പറഞ്ഞിരുന്നു.
അതേസമയം, തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടുന്ന സിനിമയാണിതെന്നും ഇത് നിരോധിക്കണമെന്ന് പറയുന്നവര്‍ തീവ്രവാദത്തെ വോട്ടുബാങ്കായി കാണുന്നവരാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
പ്രതിഷേധങ്ങളെ ഭയന്ന് ഒട്ടുമിക്ക തീയറ്റര്‍ ഉടമകളും സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. എന്നിരുന്നാലും ചില തീയറ്ററുകളില്‍ കനത്ത പോലീസ് കാവലില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയായിരുന്നു.