ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടല്‍ ഉടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദിച്ച് യുവാവ്.
കുന്നംകുളം ചൂണ്ടലില്‍ കറി ആന്‍ഡ് കോ എന്ന ഹോട്ടലിന്റെ ഉടമകളായ തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മര്‍ദ്ദിച്ചത്.
ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ സുധിയുടെ തലയ്ക്ക് അടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞപ്പോള്‍ ദിവ്യ ഇത് നല്‍കിയെങ്കിലും ഇയാള്‍ തൃപ്തനായില്ല.
കൈ കഴുകുന്ന സ്ഥലം വൃത്തിയല്ലെന്നായി അടുത്ത ആരോപണം. ഇതുപറഞ്ഞ് ദിവ്യയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു.
സുധി ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നെന്നാണ് ദമ്പതികളുടെ മൊഴി.
സുധിയുടെ തലയില്‍ ആഴത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് എട്ടോളം തുന്നലുകളുണ്ട്. ഇയാള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് ഇവര്‍ പോലീസില്‍ പരാതി നല്കി. പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.