അയല്‍വീട്ടിലെ നായ കുരച്ചതില്‍ പ്രകോപിതനായ യുവാവ് നായയുടെ ഉടമയെ അടക്കം മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു.
യുവാവ് വടിയുമായി തല്ലാനെത്തിയത് തടയാന്‍ ചെന്ന നായയ്ക്കും തലയില്‍ ശക്തിയായ പ്രഹരമേറ്റു. ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ ഏരിയയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ധരംവീര്‍ ദാഹിയ എന്നയാളാണ് നായയെയും അയല്‍വാസികളെയും ആക്രമിച്ചത്. ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അയല്‍വാസിയായ രക്ഷിതിന്റെ നായ ഇയാളെ നോക്കി കുരച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
നായ കുരച്ചത് ഇഷ്ടപ്പെടാഞ്ഞ ഇയാള്‍ അതിന്റെ ദേഷ്യത്തില്‍ നായയെ വാലില്‍ തൂക്കിയെറിഞ്ഞു.
ഇത് ചോദിക്കാനെത്തിയ രക്ഷിതിനെ കണ്ടതോടെ ഇയാള്‍ വീണ്ടും നായയെ ആക്രമിച്ചു. ഇതോടെ നായ ഇയാളെ കടിക്കുകയും രക്ഷിതും ദാഹിയയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം ദാഹിയ വീണ്ടുമെത്തി നായയെ ഇരുമ്പ് വടിയുപയോഗിച്ച് തലയ്ക്കടിച്ചു.
ഇത് തടയാനെത്തിയ മറ്റൊരു അയല്‍വാസിയായ അമ്പത്തിയഞ്ചുകാരനും തുടര്‍ന്നെത്തിയ രക്ഷിതിനും മര്‍ദനമേറ്റു.
ഈ വഴക്കിനൊടുവില്‍ ദാഹിയയില്‍ നിന്ന് വടി പിടിച്ചുമാറ്റി രക്ഷിത് ഇയാളെ പിന്തിരിപ്പിച്ചെങ്കിലും രക്ഷിതിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഇയാള്‍ വടിയെടുക്കുകയും വീണ്ടും രക്ഷിതിനെ ആക്രമിക്കുകയും ചെയ്തു.
ഈ അക്രമത്തില്‍ രേണു എന്ന യുവതിക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരും ആശുപത്രിയിലെത്തി ചികിത്സ തേടി. കനത്ത അടിയേറ്റതിനാല്‍ നായയുടെ തലയില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നാണ് വിവരം.
രക്ഷിതിന്റെ പരാതിയില്‍ ദാഹിയയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റകരമായ നരഹത്യ, വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസ്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സമീര്‍ ശര്‍മ അറിയിച്ചിരിക്കുന്നത്.