ലക്നോ: ഗർഭസ്ഥശിശു ആൺകുട്ടിയാണോ എന്നറിയാനായി എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബദാവുൻ സ്വദേശി പന്നാലാലിനാണ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
അഞ്ച് പെൺമക്കളുള്ള പന്നാലാൽ ആൺകുട്ടി വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അനിതയെ നിരന്തരം മർദിക്കുമായിരുന്നു. ആൺകുഞ്ഞിന് വേണ്ടി രണ്ടാം വിവാഹം കഴിക്കുമെന്നും പന്നാലാൽ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവം നടക്കുന്ന ദിവസം പന്നാലാൽ ഭാര്യയെ മർദിക്കുകയും വയറുകീറി കുട്ടി ആണോ പെണ്ണാണോ എന്ന് പരിശോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അനിത ഇതിനെതിരേ പ്രതികരിച്ചതോടെ പന്നാലാൽ അരിവാളുമായി പ്രതി ആക്രമിക്കുകയായിരുന്നു. അനിത ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ ചെന്ന പ്രതി ഇവരുടെ വയറ് കീറുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ അനിതയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോൾ തന്നെ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അനിതയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭത്തിലുണ്ടായിരുന്ന ആൺകുഞ്ഞിനെ രക്ഷിക്കാനായില്ല. ആക്രമണത്തിൽ തന്റെ ആന്തരാവയവങ്ങൾ പുറത്തുവന്ന അവസ്ഥ വരെ ഉണ്ടായെന്നാണ് കോടതിയിൽ അനിത മൊഴി നൽകിയത്.