കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ചു റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി യുവാവിന്റെ വേറിട്ട പ്രതിഷേധം. നാട്ടുകാരും വാഹനയാത്രക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ യുവാവിന്റെ പ്രതിഷേധസമരത്തിനു പിന്തുണയറിയിച്ചു. അലരി പ്ലാച്ചേരിതടത്തില് രഞ്ചുമോന്‍ (37) ആണ് റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി പ്രതിഷേധിച്ചത്.
സുഹൃത്ത് വൈശാഖ് ബെന്നിയും രഞ്ചുമോനൊപ്പമുണ്ടായിരുന്നു. രഞ്ചുമോന്‍ തുണിയലക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ചത് വൈശാഖായിരുന്നു. ഓണത്തിരക്കായതിനാല്‍ വള്ളം കിട്ടാത്തതിനാലാണ് റോഡിലെ വെള്ളക്കെട്ടില്‍ വള്ളംകളി മത്സരം നടത്താന്‍ കഴിയാതെ പോയതെന്നും രഞ്ചുമോന്‍ പറഞ്ഞു. 20 മിനിറ്റോളം റോഡിലെ വെള്ളക്കെട്ടില്‍ തുണിയലക്കി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളെല്ലാം വ്യത്യസ്ത രീതിയിലുള്ള സമരം കണ്ട് വാഹനം നിര്‍ത്തി പിന്തുണയറിയിച്ചു.
അപകടക്കെണിയൊരുക്കി ഏറേ കാലങ്ങളായി തകര്‍ന്നുകിടക്കുന്ന അവസ്ഥയിലാണ് കടുത്തുരുത്തി-പെരുവ റോഡിലെ കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ്. തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതമാണ്.റോഡില്‍ പലയിടങ്ങളിലും വന്‍കുഴികളും വലിയ വെള്ളക്കെട്ടുകളുമാണ്. ഇതാണ് ഓണക്കാലത്ത് അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ വേറിട്ട സമരത്തിനു യുവാക്കളെ പ്രേരിപ്പിച്ചത്.
റോഡിലെ കുഴികളില്‍പ്പെട്ട് വാഹനങ്ങളും യാത്രക്കാരും അപകടത്തില്‍പ്പെടുന്നതും പതിവായി. ഇതുവഴി യാത്ര ചെയ്തു പലര്‍ക്കും നടുവേദനയും ശ്വാസംമുട്ടലും ഉള്‍പ്പെടെയുള്ള രോഗങ്ങളും ബാധിച്ചിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഇതിനോടകം ഈ റോഡിലൂടെയുള്ള യാത്രയ്ക്കിടെ ഉണ്ടായിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പിടുന്നതിനായി റോഡരികില്‍ കുഴിയെടുത്ത് മൂടിയതോടെ പലയിടങ്ങളിലും റോഡില്‍ അപകടക്കെണികളാണ് ഒളിഞ്ഞുകിടക്കുന്നത്.
പെരുവ മുതല്‍ കടുത്തുരുത്തി വരെ ഉന്നത നിലവാരത്തില്‍ റോഡ് നവീകരണം നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഉദ്ഘാടനം രണ്ടര വര്‍ഷം മുമ്പ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചെങ്കിലും തുടര്‍നടപടികള്‍ വൈകുകയായിരുന്നു. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശബരിമല തീര്‍ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കടുത്തുരുത്തി മുതല്‍ പെരുവ വരെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.