ജോലിയ്ക്കു പോകുന്നതിനെച്ചൊല്ലി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ യുവതിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്.
പതിനാറാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ദിലീപ് യുവതിയെ നിഷ്കരുണം മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇനി ജോലിയ്ക്ക് പോകില്ലെന്ന് യുവതിയെക്കൊണ്ട് പറയിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിച്ചു.
‘ഞാന്‍ തന്നെയാണ് ഇവളെ ഇടിച്ചത്. ഇവളുടെ വായ് പൊട്ടിച്ചത്, ഇവളുടെ മുഖത്തൂടെ ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. നാളെ തൊട്ട് ഇവള് ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല. ഞാന്‍ ഈ പറയുന്നത് ന്യായമാണ്’ എന്ന് ദിലീപ് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.
സമീപം മുറിപ്പാടുകളുമായി കരഞ്ഞുകൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി ജോലിയ്ക്ക് പോകില്ലെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു.
മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിയ്ക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകുമെന്നും ലോണ്‍ അടയ്ക്കണമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ഭര്‍ത്താവ് പൈസ തരികയാണെങ്കില്‍ ജോലിയ്ക്ക് പോകില്ലെന്നും യുവതി പറയുന്നുണ്ട്.
ഇയാള്‍ മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമര്‍ദ്ദനം. കൈയും കമ്പും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
യുവതിയുടെ തലയിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിന്നാലെ ദിലീപ് തന്നെ ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെ ഇന്നലെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കസ്റ്റഡിയിലെടുത്തത്.
വധശ്രമക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയിച്ച് വിവാഹിതരായതാണ് ഇരുവരും. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.