കോവിഡ് പ്രതിസന്ധിയില് ജോലി നഷ്ടമായ ഭര്ത്താവ് ലൈംഗികത്തൊഴിലാളിയായി മാറിയതോടെ അയാളില് നിന്ന് വിവാഹമോചനം തേടി ഭാര്യ.
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില് ജോലി ചെയ്തിരുന്ന ദമ്പതികളാണ് ഒടുവില് വഴി പിരിയാനായി തീരുമാനിച്ചിരിക്കുന്നത്. ഭാര്യ അറിയാതെയായിരുന്നു ഭര്ത്താവ് ലൈംഗികത്തൊഴിലുമായി മുമ്പോട്ടു പോയിരുന്നത്.
എന്നാല് സംഗതി ഭാര്യ അറിഞ്ഞതോടെ പ്രശ്നങ്ങള്ക്കു തുടക്കമായി. ഭര്ത്താവില് നിന്ന് വിവാഹമോചനം നേടാനായി യുവതി സുഹൃത്തിന്റെ സഹായത്തോടെ വനിതാ ഹെല്പ് ലൈനില് ബന്ധപ്പെടുകയായിരുന്നു.
പലവട്ടം കൗണ്സിലിങ് നല്കിയെങ്കിലും ഭര്ത്താവിനൊപ്പം ഇനി ജീവിക്കാന് സാധിക്കില്ലെന്ന് യുവതി തീര്ത്തു തന്നെ പറഞ്ഞിരുന്നു. ഒടുവില് മൂന്ന് വര്ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില് പങ്കാളികള് ഡൈവോഴ്സ് ആയി.
വനിതാ ഹെല്പ് ലൈനാണ് സംഭവം മാധ്യമങ്ങളോട് പറയുന്നത്. ലോക്ക് ഡൗണിനെ തുടര്ന്ന് ജോലി നഷ്ടപ്പെട്ട രാഹുലിന് കുറച്ചധികം നാള് ശ്രമിച്ചെങ്കിലും മറ്റൊരു ഐടി കമ്പനിയില് ജോലി നേടാന് സാധിച്ചില്ല.
തുടര്ന്ന് മാസങ്ങള്ക്കു ശേഷമാണ് ഭര്ത്താവിന്റെ പെരുമാറ്റത്തില് ചില പ്രശ്നങ്ങളുള്ളതായി കീര്ത്തിയുടെ ശ്രദ്ധയില് പെടുന്നത്.
സദാസമയവും മൊബൈലിലും ലാപ്ടോപ്പിലും സമയം ചെലവഴിക്കുന്ന രാഹുല് മുന്നറിയിപ്പില്ലാതെയും അസമയത്തും ചില മീറ്റിംഗുകള് ഉണ്ടെന്നു പറഞ്ഞു പുറത്തേയ്ക്ക് പോകും.
ഇതിന്റെ വിശദാംശങ്ങള് തന്നോടു പറഞ്ഞിരുന്നില്ലെന്നും കീര്ത്തി വ്യക്തമാക്കി. ഇതാണ് രാഹുലിനെപ്പറ്റി സംശയങ്ങള് ഉണ്ടാകാനുള്ള പ്രധാനകാരണം.
ഭര്ത്താവിനെപ്പറ്റി സംശയമേറിയതോടെ ഒടുവില് ലാപ്ടോപ്പില് എന്താണെന്നു പരിശോധിക്കാന് കീര്ത്തി തീരുമാനിച്ചു.
നവംബര് മാസത്തില് ഐടി ജോലിക്കാരനായ സഹോദരന്റെ സഹായത്തോടെ കീര്ത്തി പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ലാപ്ടോപ്പ് രഹസ്യമായി പരിശോധിച്ചു.
എന്നാല് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ലാപ്പില് നിന്നും കണ്ടത്. രാഹുലിന്റെ നഗ്നചിത്രങ്ങളായിരുന്നു ലാപ്ടോപ്പില് ഉണ്ടായിരുന്നത്.
ഭര്ത്താവിന്റെ നിരവധി നഗ്നചിത്രങ്ങളും അര്ധനഗ്നരായ സ്ത്രീകള്ക്കൊപ്പമുള്ള രാഹുലിന്റെ മറ്റു ചില ചിത്രങ്ങളും ഒരു രഹസ്യ ഫോള്ഡറിലാണ് കണ്ടെത്തിയത്.
ഭര്ത്താവിന് മെയില് എസ്കോര്ട്ട് ജോലിയാണെന്ന് ഇങ്ങനെയാണ് കീര്ത്തി തിരിച്ചറിയുന്നതും. ആവശ്യക്കാരായ സ്ത്രീകളില് നിന്ന് പണം വാങ്ങിയ ശേഷം ലൈംഗികവൃത്തി ചെയ്തു വരികയായിരുന്നു ഇയാള്.
ഒരു സന്ദര്ശനത്തിന് 3000 രൂപ മുതല് 5000 രൂപ വരെയായിരുന്നു വാങ്ങിയിരുന്നത്. നഗരത്തില് നിരവധി ക്ലയന്റ്സും രാഹുലിന് ഉണ്ടായിരുന്നെന്ന് കൗണ്സിലര് പറയുന്നു. എന്നാല് ഇക്കാര്യങ്ങള് രാഹുല് കീര്ത്തിയോടു ഒരിക്കലും പറഞ്ഞിരുന്നില്ല.
ലാപ്ടോപ്പിലെ ചിത്രങ്ങള് അടക്കം കാണിച്ച് കീര്ത്തി രാഹുലിനെ ചോദ്യം ചെയ്തെങ്കിലും രാഹുല് സമ്മതിക്കാന് തയ്യാറായില്ല. ചിത്രങ്ങള് തന്റേതല്ലെന്നായിരുന്നു ഇയാള് നല്കിയ മറുപടി.
തുടര്ന്ന് ചില അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ കീര്ത്തി മല്ലേശ്വരം പോലീസ് സ്റ്റേഷനിലെ വനിതാ ഹെല്പ് ലൈനില് ബന്ധപ്പെടുകയായിരുന്നു.
ഭാര്യയ്ക്കൊപ്പമുള്ള കൗണ്സിലിംഗ് സെഷനില് താന് ലൈംഗികത്തൊഴിലാളിയായി പ്രവര്ത്തിച്ചിരുന്ന വിവരം രാഹുല് വെളിപ്പെടുത്തുകയായിരുന്നു.
തന്റെ ഒരു അടുത്ത സുഹൃത്തില് നിന്നാണ് ഈ ജോലിയുടെ സാധ്യതയെക്കുറിച്ച് അറിഞ്ഞതെന്നും പുതിയ ജോലിയില് താത്പര്യം തോന്നുകയായിരുന്നുവെന്നും രാഹുല് വ്യക്തമാക്കി.
പക്ഷെ, ഭാര്യയെ ഉപേക്ഷിക്കാന് ഇദ്ദേഹം തയ്യാറായിരുന്നില്ല. ലൈംഗികത്തൊഴില് അവസാനിപ്പിക്കാമെന്നും ഇയാള് കൗണ്സിലറോടു പറഞ്ഞു. പക്ഷെ ഇനി രാഹുലിനൊപ്പമുള്ള ജീവിതം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു കീര്ത്തി.
തുടര്ന്ന് ദമ്പതികള് പരസ്പര ധാരണയോടെ വിവാഹമോചനവുമായി മുന്നോട്ടു പോകാന് തീരുമാനിക്കുകയായിരുന്നു. ഇരുവരും ചേര്ന്ന് കോടതിയില് വിവാഹമോചന ഹര്ജി ഫയല് ചെയ്തതായും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.